SUNNY JOSEPH MLA| കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘നിയമം കൈയിലെടുത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണം’ സണ്ണി ജോസഫ് MLA

Jaihind News Bureau
Saturday, August 2, 2025

ചത്തീസ്ഗഡില്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ഒന്‍പത് ദിവസം ജയില്‍വാസം അനുഷ്ഠിച്ച കന്യാസ്ത്രീകള്‍ക്ക് എന്‍ ഐ എ കോടതിയില്‍ നിന്ന് വ്യവസ്ഥകളോടെയാണെങ്കിലും ജാമ്യം അനുവദിച്ചതിലുള്ള സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് കെ പി സി അധ്യക്ഷന്‍ സണ്ണി ജോസഫ്.

തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കളവായി കെട്ടിച്ചമച്ച കേസിലാണ് കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയാന്‍ ഇട വന്നിട്ടുള്ളത്. അനാരോഗ്യവും അവശതയും ഉണ്ടായിരുന്ന കന്യാസ്ത്രീകളെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്ന സംഭവമാണ് ആദ്യം മുതല്‍ ഉണ്ടായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവര്‍ക്ക് നേരെ ആക്രോശിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലൂടെ ജനങ്ങള്‍ മുഴുവന്‍ കേട്ടതാണ്. അത്തരത്തില്‍ നിയമം കൈയ്യിലെടുത്ത് കന്യാസ്ത്രീകളെയും തൊഴില്‍ അന്വേഷിച്ച് അവരോടൊപ്പം ചെന്ന യുവതികളെയും ഭീഷണിപ്പെടുത്തുകയും, കയ്യേറുകയും ചെയ്തവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ ഉണ്ടാകണം.കൂടാതെ നിയമവിരുദ്ധമായി കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത കേസുകളില്‍ അന്വേഷണം നടത്തി ആ കേസ് റദ്ദാക്കി കൊണ്ടുള്ള റഫര്‍ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കേണ്ടതുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ കന്യാസ്ത്രീകളുടെ നിരപരാധിത്വം അംഗീകരിച്ചുകൊണ്ട് അവരുടെ പേരിലുള്ള കെട്ടിച്ചമച്ച കേസ് അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

കന്യാസ്ത്രീകള്‍ ജയില്‍വാസം അനുഷ്ഠിക്കാന്‍ ഇടയായ സാഹചര്യത്തില്‍ അവര്‍ക്ക് ഉണ്ടായിട്ടുള്ള പീഡനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് യാതൊരു പങ്കുമില്ല, കോടതിയുടെ വിവേചനാധികാര പ്രകാരമാണ് ഉപാധികളോടെ ജാമ്യം ലഭിച്ചിട്ടുള്ളത്. ജാമ്യം നല്‍കിയത് തങ്ങളുടെ ഔദാര്യമാണന്ന് വാദിക്കുന്നവര്‍ നിരപരാധികളെ ജയിലിലാക്കിയത് തങ്ങളുടെ ക്രുരതയാണ് എന്ന് അംഗീകരിക്കേണ്ടാതായിട്ടുണ്ട് എന്നും സണ്ണി ജോസഫ് പറഞ്ഞു.