ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തില്‍. കെപിസിസിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പ്രതിഷേധ നടത്തത്തിന് നേതൃത്വം നല്‍കി.
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എഎല്‍എ. മനുഷ്യാവകാശ ലംഘനം നടത്തിക്കൊണ്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഉയരുന്ന പ്രതിഷേധം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ അറിയിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ നടത്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അലയടിക്കുന്ന പ്രതിഷേധം ഗവര്‍ണര്‍ പ്രധാനമന്ത്രിയേയും ഛത്തീസ്ഗഡ് സര്‍ക്കാരിനെയും അറിയിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
മതന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വലിയ ആശങ്കയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയില്‍ പലയിടത്തും ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ്. ഒരു വശത്ത് നരേന്ദ്ര മോദി ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ മറ്റൊരിടത്ത് അനുയായികളെ വിട്ട് മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഇത്തരത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരെ വീണ്ടും ഒരു അതിക്രമം ഉണ്ടായിരിക്കുകയാണെന്ന് സമരത്തില്‍ അണിചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കുറ്റപ്പെടുത്തി.
ജനാധിപത്യത്തെ തകര്‍ത്ത് സംഘപരിവാര്‍ നയം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെയും ഫാസിസ്റ്റ് നയത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. നേതാക്കളുടെ അടക്കം ശക്തമായ പ്രതിഷേധങ്ങളാണ് സമരത്തില്‍ ആലയടിച്ചത്.