Arrest of Malayali nuns| ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ഗുരുതര വകുപ്പുകള്‍ ചുമത്തി, വ്യാപക പ്രതിഷേധം

Jaihind News Bureau
Monday, July 28, 2025

ദുര്‍ഗ്/കൊച്ചി: ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. അങ്കമാലി എളവൂര്‍ സ്വദേശിനി സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും കണ്ണൂര്‍ ഉദയഗിരി സ്വദേശിനി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായുമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ സെക്ഷന്‍ 4, ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 143 എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും മനുഷ്യക്കടത്ത് നടത്തിയെന്നും സംശയിക്കുന്നതായി എഫ്ഐആറില്‍ പറയുന്നു. നിലവില്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

വെള്ളിയാഴ്ചയാണ് സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്. പോലീസിന്റെ സാന്നിധ്യത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന സ്ത്രീകളെയും ചോദ്യം ചെയ്യുകയും അവരുടെ ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പോലീസിന്റെ അറസ്റ്റ്.

കന്യാസ്ത്രീകളെ കുടുക്കിയതെന്ന് കുടുംബം

കന്യാസ്ത്രീകളെ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് അവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആദ്യം മതപരിവര്‍ത്തനം ആരോപിക്കുകയും പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ചേര്‍ക്കുകയുമായിരുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഉത്തരേന്ത്യയില്‍ നഴ്സായി സേവനം അനുഷ്ഠിക്കുന്നയാളാണ് സിസ്റ്റര്‍ പ്രീതി. കൂടെയുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരാണെന്നും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ജോലിക്കായി വന്നതെന്നും കുടുംബങ്ങള്‍ പറയുന്നു. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നെന്നും ആവശ്യമായ എല്ലാ രേഖകളും കാണിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഛത്തീസ്ഗഢിലെ സ്ഥിതിഗതികള്‍ മോശമാണെന്നും പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും സിസ്റ്റര്‍ പ്രീതി മുന്‍പ് പറഞ്ഞിരുന്നതായി കുടുംബം ഓര്‍ക്കുന്നു.

രാഷ്ട്രീയ-സഭാ തലങ്ങളില്‍ ശക്തമായ പ്രതിഷേധം

സംഭവത്തില്‍ രാഷ്ട്രീയ, സഭാ തലങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’യുടെ മുഖപ്രസംഗത്തില്‍ ബിജെപിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. രണ്ട് കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദികളാക്കിയതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്ന ബിജെപിയുടെ ആശീര്‍വാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും ബിജെപിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നും മുഖപ്രസംഗം വിമര്‍ശിച്ചു.

കേരളത്തില്‍ ക്രൈസ്തവ സംഘടനകളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകള്‍ കന്യാസ്ത്രീകളെ അപമാനിച്ച് ജയിലിലടച്ചത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബെന്നി ബെഹ്നാന്‍ എംപി, റോജി എം. ജോണ്‍ എംഎല്‍എ എന്നിവര്‍ സിസ്റ്റര്‍ പ്രീതിയുടെ വീട് സന്ദര്‍ശിച്ചു. വിഷയത്തില്‍ ബെന്നി ബെഹ്നാനും ഹൈബി ഈഡനും ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.