‘എന്നെയും അറസ്റ്റ് ചെയ്യൂ’ ; മോദിക്കെതിരായ പോസ്റ്ററിലെ ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ; കേന്ദ്രത്തിനെതിരെ പ്രതിഷേധം

Jaihind Webdesk
Sunday, May 16, 2021

രാജ്യത്ത് താണ്ഡവമാടുന്ന കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍‍ത്തി കോണ്‍ഗ്രസ്.

തങ്ങളെയും അറസ്റ്റ് ചെയ്യുവെന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘എന്നെയും അറസ്റ്റ് ചെയ്യൂ’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള വാക്സിന്‍ എന്തിനാണ് മോദിജീ വിദേശത്തേക്ക് കയറ്റി അയച്ചത്? എന്ന പോസ്റ്ററിലെ ചോദ്യം രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും കേന്ദ്രത്തിന്‍റെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

‘പ്രധാനമന്ത്രിയോട് വാക്‌സിനെപ്പറ്റി ചോദ്യം ചോദിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യൂ. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ് മിസ്റ്റര്‍ പ്രധാനമന്ത്രി’ – പവന്‍ ഖേര പറഞ്ഞു. ചോദ്യം ചോദിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍, തന്നെയും അറസ്റ്റ് ചെയ്യുവെന്ന് നടന്‍ പ്രകാശ് രാജും പ്രതികരിച്ചു.

തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയും സംഭവത്തില്‍ മോദിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൃത്യമായ ചോദ്യം ചോദിച്ചവരെ ജയിലടയ്ക്കുന്നുവെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചതിന് 12 പേര്‍ അറസ്റ്റില്‍. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാക്‌സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു മോദിജി എന്നു ചോദിച്ചതിനാണ്. തികച്ചും ന്യായമായ ചോദ്യം,’ എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.

മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനാണ് 12 പേരെ ദല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.

രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ആഭ്യന്തരമായി 10 കോടി വാക്‌സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.