ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു ; മൂന്ന് ഭീകരരെ കൊലപ്പെടുത്തി

Jaihind Webdesk
Tuesday, October 12, 2021


ശ്രീനഗർ :  ഷോപ്പിയാനിൽ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിലാണ് ലക്ഷ്‌കർ ഭീകരരെ വധിച്ചത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഷോപ്പിയാനിലെ ഖെരിപോരയിൽ ഏറ്റുമുട്ടൽ തുടരുന്നു.

കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് കൊടും ഭീകരരെയാണ് സൈന്യം വധിച്ചത്. മലയാളിയടക്കം അഞ്ച് സൈനികർ ഇന്നലെ വീരമൃത്യുവരിച്ചിരുന്നു.രണ്ട് സൈനികർക്ക് പരിക്കേറ്റിരുന്നു. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ശില്‍പാലയത്തിൽ ഹര കുമാറിന്‍റെയും ബീനയുടെയും മകൻ വൈശാഖ് (25) ആണ് വീരമൃത്യു വരിച്ച മലയാളി.

പൂഞ്ച് ജില്ലയിൽപ്പെട്ട സുരൻകോട്ട് ഡി.കെ.ജി (ദേരാ കി ഗലി) വന മേഖലയിൽ ആയുധധാരികളായ അഞ്ച് ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ​അഞ്ചു പേരും വീരമൃത്യു വരിച്ചത്. ഭീകരർ ഒളിഞ്ഞിരുന്ന് വെടിയുതിർക്കുകയായിരുന്നു.