സുബോധ്കുമാറിന്റെ കൊലപാതക സ്ഥലത്ത് സൈനികന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; ചോദ്യം ചെയ്യല്‍ തുടരുന്നു

Jaihind Webdesk
Sunday, December 9, 2018

ബുലന്ദ്ഷഹര്‍ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങിനെ കൊലപ്പെടുത്തിയ സ്ഥലത്ത് സൈനികന്‍ ജീത്തു എന്ന ജിതേന്ദ്ര മാലികിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. എന്നാല്‍ സൈനികന്‍ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുവോ എന്ന കാര്യം എസ്.എസ്.പി അഭിഷേക് സിങ് വ്യക്തമാക്കിയില്ല.

ബുലന്ദ്ഷഹര്‍ കലാപത്തിനിടെ സൈനികന്‍ ജിതേന്ദ്രമാലിക് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ കശ്മീരിലെ ക്യാംപിലേക്ക് രക്ഷപെട്ട ജീത്തുവിനെ സൈനിക യൂണിറ്റ് പിടികൂടി ഇന്നലെ അര്‍ധരാത്രിയില്‍ ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറി. സുബോധ്കുമാറിനെ കൊലപ്പെടുത്തിയ സ്ഥലത്ത് കലാപം നടക്കുമ്പോള്‍ സൈനികന്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

അതേസമയം മകനെ കുടുക്കിയതാണെന്ന് അമ്മ രതന്‍കൗര്‍ മനോരമന്യൂസിനോട് പറഞ്ഞു. ജീത്തുവിന്റെ അച്ഛന്‍ രാജ്പാലിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മകന്റെ ഭാര്യയെ പുരുഷ പൊലീസുകാര്‍ അടിച്ചുവെന്നും രതന്‍കൗര്‍ ആരോപിച്ചു. അറസ്റ്റ് ചെയ്ത് മീററ്റിലെത്തിച്ച ജീത്തുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ശ്രീനഗറില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് ജീത്തു.