ട്രെയിനില്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; യാത്രക്കാരെ കൊള്ളയടിച്ച് ആയുധധാരികള്‍; നാല് പേർ പിടിയില്‍

Jaihind Webdesk
Saturday, October 9, 2021

മുംബൈ : മഹാരാഷ്ട്രയിൽ ട്രെയിനിൽ യാത്രക്കാരെ കൊള്ളയടിച്ച കവർച്ചാസംഘം സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ചെറുത്തുനിൽപ്പിന് ശ്രമിച്ച ആറ് യാത്രക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്.

മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കവര്‍ച്ചാസംഘം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളിലൊന്നില്‍ കടന്നുകൂടിയത്. എട്ടംഗ സംഘം ആയുധവുമായാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ആയുധം കാട്ടി കവർച്ച നടത്തിയ സംഘം എതിർക്കാന്‍ ശ്രമിച്ചവരെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ കോച്ചിലുണ്ടായിരുന്ന സ്ത്രീയെ സംഘം കൂട്ടബലാത്സംഗത്തിനും ഇരയാക്കി.

തുടർന്ന് കസാറ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിർത്തിയപ്പോള്‍ യാത്രക്കാരുടെ ബഹളം കേട്ട് റെയില്‍വേ പൊലീസ് എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.  നാലുപേരെ പൊലീസ് പിടികൂടി. രക്ഷപ്പെട്ട നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് 34000 രൂപയുടെ മോഷണമുതല്‍ കണ്ടെടുത്തു. ഇവർക്കെതിരെ മോഷണം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു.