അർജുൻ രക്ഷാദൗത്യം; നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തി, രാത്രിയിലും തിരച്ചിൽ തുടരും

Jaihind Webdesk
Thursday, July 25, 2024

 

ബം​ഗളുരു: അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർ​ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ പുതിയ കണ്ടെത്തലുകൾ. നദിയിൽ നാല് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയതായി ദൗത്യസംഘം അറിയിച്ചു. എട്ട് മീറ്റർ ആഴത്തിലാണ് സിഗ്നൽ ലഭിച്ചതെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ പറഞ്ഞു. നിലവിലെ അവസ്ഥയിൽ മുങ്ങൽ വിദഗ്ദർക്ക് പരിശോധനയ്ക്ക് തടസമുണ്ട്. ലോറിയുടെ ഉളളിൽ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. വാഹനത്തിന്‍റെ കാബിൻ വേർപെടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നദിയിൽ മൂന്ന് സ്പോട്ടുകളിലായാണ് ലോഹഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നാം സ്പോട്ട് അർജുന്‍റെ ട്രക്ക് ആവാൻ കൂടുതൽ സാധ്യതയുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. രാത്രിയിൽ ഡൈവിങ്ങ് തുടരുമെന്നും ഇന്ദ്രബാൽ മാധ്യമങ്ങളോട് പറഞ്ഞു. ലോറിയുടെ അകത്ത് അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ലോറി വെള്ളത്തിൽ മുങ്ങിയതിന് ശേഷം തടികൾ ഒഴുകിപോകാനാണ് സാധ്യത.

രാത്രിയിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുമെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. നദീനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ താഴെയാണ് മുങ്ങിക്കിടക്കുന്ന ലോറിയുടെ മുകൾ ഭാഗമുള്ളത്. നേരത്തെ അപകടമുണ്ടായ പ്രദേശത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങൾ കണ്ടെത്തിയിരുന്നു. മത്സ്യത്തൊഴിലാളികൾക്കാണ് തടിക്കഷണങ്ങൾ ലഭിച്ചത്.