കേരളത്തെ നടുക്കിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ മടങ്ങിവരവിനായി കാത്തിരുന്ന ദിനങ്ങള്‍. ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ പൊലിഞ്ഞ അര്‍ജുന്‍ ഓരോ മലയാളിക്കും ഇന്നും കണ്ണീരോര്‍മ്മയാണ്.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായി നടന്നത് സമാനതകളില്ലാത്ത രക്ഷാ ദൗത്യമായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ സെപ്റ്റംബര്‍ 25നാണ് അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയും പുറത്തെടുത്തു. പുഴയില്‍ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി.
2024 ജൂലൈ 16 ന് രാവിലെ 8.30ന് ഉത്തര കന്നഡ ജില്ലയിലെ അങ്കോളക്കടുത്ത് ഷിരൂരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുന്‍ തടിയുമായി വന്ന ലോറി കാണാതായത്. ബെല്‍ഗാമില്‍ നിന്ന് അക്കേഷ്യ മരങ്ങള്‍ കയറ്റിക്കൊണ്ടുവരികയായിരുന്നു അര്‍ജുന്‍. ആദ്യദിനത്തില്‍ തിരച്ചില്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. വിഷയം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. കര്‍ണാടക പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ ഊര്‍ജിതമാക്കി. പിന്നീട് നാവിക സേനയുടെ റഡാര്‍ പരിശോധനയും വരെ നടന്നു.
ഇടെപടല്‍ ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് സുപ്രീം കോടതിയിലും കര്‍ണാടക ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സംഘം ഷിരൂരില്‍ എത്തി. ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സംന്ദര്‍ശിച്ചു. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, കാര്‍വാര്‍ എസ്പി, കളക്ടര്‍ എന്നിങ്ങനെ അധികൃതര്‍ രാപകലില്ലാതെ മൃതദേഹം കണ്ടെത്തുന്നതിന് പരിശ്രമിച്ചു. കനത്ത കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തെ പലതവണ തടസ്സപ്പെടുത്തി. കരയിലാകും ലോറി അകപ്പെട്ടത് എന്ന നിഗമനത്തില്‍ കരയാകെ മണ്ണ് നീക്കി പരിശോധിച്ചു. ഫലമില്ലാതെ വന്നതോടെ ഗംഗാവലിപ്പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു.
ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍, ഐ ബോര്‍ഡ്, സോണാര്‍ സംവിധാനവും തെരച്ചിലിനെത്തിച്ചു. റിട്ടയേഡ് മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്റെ സഹായംവും തേടി. നദീതീരത്തെ മണ്ണ്, ലോംഗ് ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്‌തെങ്കിലും ട്രക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും എത്തി 8 തവണ മുങ്ങിയെങ്കിലും ലോറിയും അര്‍ജുനെയും കണ്ടെത്തിയില്ല.
ഇടയ്ക്ക് നിര്‍ത്തിയ തിരച്ചില്‍ ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിച്ചതോടെയാണ് പുനഃരാരംഭിച്ചത്. ഈ തിരച്ചിലില്‍ ആണ്് ലോറിയുടെ ചിലഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചത്. ഒടുവില്‍ കരയില്‍ നിന്ന് 65 മീറ്റര്‍ അകലെ 12 മീറ്റര്‍ ആഴത്തില്‍ ലോറിയും കാബിനില്‍ കുടുങ്ങിയ നിലയില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.