ബാലഭാസ്‌കറിനെ കൊന്നത് തന്നെ ,അര്‍ജുന്‍ മുമ്പും പല കേസുകളില്‍ പ്രതി; ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി

Jaihind Webdesk
Friday, November 29, 2024

തിരുവനന്തപുരം: സ്വര്‍ണ കടത്തില്‍ ഡ്രൈവര്‍ അര്‍ജുന്‍ പിടിയിലായ വിവരം സിബിഐയെ അറിയിച്ച്  മകന്റെ മരണത്തില്‍ തുടരന്വേഷണ സാധ്യത തേടുമെന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി. സ്വര്‍ണ്ണക്കടത്ത് സംഘത്തെ സംരക്ഷിക്കുവാനാണ് ക്രൈംബ്രാഞ്ചും സിബിഐയും ശ്രമിച്ചതെന്നും ബാലുവിന്റേത് കൊലപാതകം തന്നെയാണെന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും പിതാവ്.

ബാല ഭാസ്‌കറിന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല എന്ന് ആരോപിച്ച പിതാവ് മകന്റെ മരണം കൊലപാതകം എന്ന് ആവര്‍ത്തിച്ചു. സ്വര്‍ണ്ണക്കടത്ത് സംഘത്തെ സംരക്ഷിക്കുവാനാണ് ക്രൈംബ്രാഞ്ചും സിബിഐയും ശ്രമിച്ചതെന്നും സിബിഐയും സ്വാധീനത്തിന് വഴങ്ങിയെന്ന് പിതാവ് കുറ്റപ്പെടുത്തി.അര്‍ജുന്‍ നേരത്തെയും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വണ്ടിയോടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് ചൂണ്ടിക്കാട്ടി അര്‍ജുന്‍ എം എ സിറ്റി കോടതിയില്‍ ഒരുകോടി 30 ലക്ഷം രൂപ
നഷ്ടപരിഹാരം ആവശ്യപ്പെട്ട് തങ്ങള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്‍ പിടിയിലായ വിവരം സിബിഐയെ അറിയിച്ച് തുടരന്വേഷണ സാധ്യത തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ നേരത്തെ ആരോപണ വിധേയനായിരുന്ന ബാലഭാസ്‌ക്കറുടെ ഡ്രൈവര്‍ അര്‍ജുന്‍ കഴിഞ്ഞദിവസം പിടിയിലായതോടെയാണ് ബാലുവിന്റെ പിതാവ് മകന്റെ മരണത്തില്‍ നീതി തേടി വീണ്ടും പോരാട്ടം ആരംഭിക്കുന്നത്.