കമ്പം: തമിഴ്നാട്ടിലെ കമ്പം ടൗണില്‍ ഭീതി വിതച്ച് അരിക്കൊമ്പന്‍റെ പരാക്രമം. അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ കമ്പം ടൗണ്‍ യുദ്ധസമാനമായി. കൊമ്പന്‍ അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിന്നക്കനാല്‍ ലക്ഷ്യമാക്കിയാണ് അരിക്കൊമ്പന്‍റെ നീക്കം. കമ്പം ടൗണില്‍നിന്ന് 88 കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്. കുമളി ലോവര്‍ ക്യാമ്പില്‍ നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.
ടൗണില്‍ ഇറങ്ങിയ കൊമ്പനെ മയക്കുവെടി വെക്കാനാണ് തമിഴ്‌നാടിന്‍റെ തീരുമാനം. ആന ഇറങ്ങിയതിന് പിന്നാലെ ജനങ്ങള്‍ വീടുകളില്‍ അഭയം തേടി. ആളുകളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. അരിക്കൊമ്പന്‍ കമ്പത്ത് നടത്തിയ പരാക്രമത്തില്‍ ഒരാള്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഓടിയ ആള്‍ക്കാണ് പരിക്കേറ്റത്. അതേസമയം അരിക്കൊമ്പനെ തളയ്ക്കാന്‍ ഉച്ച കഴിയുന്നതോടെ കുങ്കിയാനകളെ കമ്പത്ത് എത്തിക്കും. ആനമലയില്‍ നിന്നും മുതുമലയില്‍ നിന്നും രണ്ട് കുങ്കിയാനകളാണ് ദൌത്യത്തിനായി എത്തുന്നത്.
ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയ വഴിയിലൂടെത്തന്നെയാണ് അരിക്കൊമ്പന്‍റെ മടങ്ങിവരവ്. കുമളിയിൽ നിന്ന് കൊക്കരക്കണ്ടം, കരടിക്കവല വഴിയാണ് ആനയെ മേതകാനത്തിനു സമീപം എത്തിച്ചത്. ഇതേ വഴിയിലൂടെത്തന്നെ ഇന്നലെ കുമളി കൊക്കരക്കണ്ടം ഭാഗത്ത് തിരികെയെത്തി. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്നാട്ടിലെ മേഘമലയിൽ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു. ഇപ്പോഴത്തെ സഞ്ചാരപാതയിലൂടെ തന്നെയാണ് അരിക്കൊമ്പന്‍റെ നീക്കമെങ്കില്‍ മതികെട്ടാൻ ചോല വഴി ചിന്നക്കനാലിലേക്ക് എത്തിച്ചേരാന്‍ കഴിയും. ആന കമ്പം ടൗണില്‍ പരിഭ്രാന്തി പരത്തുന്ന സാഹചര്യത്തില്‍ മയക്കുവെടി വെക്കാനാണ് തമിഴ്നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ നീക്കം.