അരിക്കൊമ്പന്‍ വീണ്ടും സ്വതന്ത്രന്‍: മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു; ചികിത്സ നല്‍കിയതായി തമിഴ്നാട്

Jaihind Webdesk
Tuesday, June 6, 2023

 

കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച അരിക്കൊമ്പനെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു. ആരോഗ്യസ്ഥിതി മോശമായിരുന്നു അരിക്കൊമ്പനെ അവശ്യ ചികിത്സ നല്‍കിയാണ് തുറന്നുവിട്ടിരിക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.   അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും.

ആരോഗ്യസ്ഥിതി മോശമായതിനാൽ അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. മയക്കുവെടിയേറ്റ നിലയില്‍ ഒരു ദിവസത്തെ യാത്രയും ആനയെ തളർത്തി. തുമ്പിക്കൈയിലെ മുറിവ് ഉണങ്ങിയിട്ടില്ലാത്തത് സ്ഥിതി കൂടുതല്‍ മോശമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദിവസമായി അനിമൽ ആംബുലൻസിലായിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെത്തിച്ചിരുന്നു. അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്‍റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും.