മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ആവശ്യമായ ചികിത്സാ ഉപകരണങ്ങള്‍ ലഭ്യമല്ലെന്ന വിവരം യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ മേലധികാരികളെ കൃത്യമായി അറിയിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഡോ. ഹാരിസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും നല്‍കിയ കത്തുകളാണ് പുറത്തായിരിക്കുന്നത്.
മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നാണ് കത്തുകളില്‍ ഡോ. ഹാരിസ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാര്‍ച്ചിലും ജൂണിലുമായാണ് ഡോ. ഹാരിസ് കത്തുകള്‍ നല്‍കിയത്. വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ പറ്റി തനിക്കറിയില്ല. അന്വേഷണ സമിതിയില്‍ ഉള്ളത് തന്റെ സഹപ്രവര്‍ത്തകരാണ്. അവര്‍ക്ക് തന്നെ നന്നായി അറിയാമെന്നും ഡോ. ഹാരിസ് പറഞ്ഞു. വൈകാരികമായാണ് മാധ്യമങ്ങല്‍ക്കു മുന്നില്‍ ഹാരിസ് പ്രതികരിച്ചത്.
മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസ് ചിറക്കലിനെതിരെ ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ നല്‍കിയിരുന്നു. ഹാരിസിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഉത്തരവാദിത്തപ്പെട്ടവരോട് വിഷയം പറഞ്ഞില്ലെന്നുമാണ് ഉയരുന്ന വാദം. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ടലംഘനമാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു നടപടി. ഡോ.ഹാരിസ് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചതെന്നും ശസ്ത്രക്രിയകള്‍ ഒന്നും മുടങ്ങിയിട്ടില്ലെന്നുമാണ് നോട്ടീസില്‍ പറയുന്നത്.