കെ.സുധാകരനെന്ന പേരിനെ ഇത്രമേല്‍ ഭയമോ?; എം പിയുടെ പേരു മറച്ച സംഭവത്തില്‍ നടപടി വേണം: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jaihind Webdesk
Tuesday, December 20, 2022

കണ്ണൂര്‍:  കെ സുധാകരന്‍ എം പിയുടെ പേര്  മറച്ചു വെച്ച സംഭവത്തില്‍  പ്രതിഷേധം കനക്കുന്നു. കണ്ണൂര്‍ കരുവഞ്ചാല്‍ പാലത്തിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സ്ഥലം എം പിയായ കെ സുധാകരന്‍റെ പേര്  ശിലാഫലകത്തിലും ബാനറിലും മറച്ചു വെച്ചതാണ് വിവാദമായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്‍റ്  അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

കെ.സുധാകരനെന്ന പേരിനെ ഇത്രമേല്‍ ഭയപ്പെട്ടാല്‍ പിന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കണ്ണൂരിലൊരു പരിപാടിയിലും പങ്കെടുക്കാന്‍ കഴിയില്ലെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. കണ്ണൂരിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത് പാര്‍ലമെന്‍റിലേക്കയച്ച അവരുടെ പ്രതിനിധിയാണ് കെ.സുധാകരന്‍. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സ്ഥലം എം പിയുടെ സാന്നിധ്യവും പങ്കാളിത്തവുമൊക്കെ സ്വാഭാവികമാണ്. ജനപ്രതിനിധികളുടെ രാഷ്ട്രീയം നോക്കിയല്ല അവരെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ജനപ്രതിനിധി വന്നില്ലെങ്കില്‍ ശിലാഫലകത്തില്‍ നിന്ന് പേരു മറക്കണമെന്ന വ്യവസ്ഥയുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് കെ.സുധാകരന്‍റ്  പേര് മറച്ചു വെച്ചുള്ള സ്റ്റിക്കര്‍ പതിപ്പിച്ചത്. സിപിഎമ്മിന്‍റെ പാര്‍ട്ടി പരിപാടിയല്ല , സര്‍ക്കാര്‍ പരിപാടിയാണിതെന്ന ബോധ്യം എം പിയുടെ പേരു മറച്ച ഉദ്യോഗസ്ഥനുണ്ടാകണം. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇതു ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ മുകളിലിരിക്കുന്ന പൊതു മരാമത്ത് മന്ത്രിയാണോ മുഖ്യമന്ത്രിയാണോ അതോ സിപിഎമ്മിന്‍റെ ഏതെങ്കിലും ബ്രാഞ്ച് സെക്രട്ടറിയാണോ എന്ന കാര്യം ബന്ധപ്പെട്ടവര്‍ തുറന്നു പറയണം. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമാവാം. അതവരുടെ വ്യക്തിപരമായ കാര്യം. അല്ലാതെ ഏതെങ്കിലും സിപിഎം ലോക്കല്‍ നേതാവിന്‍റെ വാക്കും കേട്ട് അടിമപ്പണി ചെയ്യുന്നവര്‍ ശമ്പളം കിട്ടുന്നത് പാര്‍ട്ടി ഓഫീസില്‍ നിന്നല്ലെന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.