CPI| സിപിഐ മന്ത്രിമാര്‍ പോരേ? ഇന്നറിയാം; തിരുവനന്തപുരത്ത് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം

Jaihind News Bureau
Friday, August 8, 2025

വിട്ടൊഴിയാത്ത വിഭാഗീയതയ്ക്കുംചേരിപ്പോരിനുമിടയില്‍ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനമിന്ന് ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിനും, സിപിഎമ്മിനും, സിപിഐ സംസ്ഥാന നേതൃത്വത്തിനും സ്വന്തം പാര്‍ട്ടി മന്ത്രിമാര്‍ക്കും എതിരെ തുറന്ന വിമര്‍ശനങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്ന കൊല്ലം ജില്ലാ സമ്മേളനത്തിലടക്കം ഉയര്‍ന്നത്. സമാനമായ രീതിയിലുള്ള വലിയ ചേരിപ്പോരും തുറന്ന വിമര്‍ശനങ്ങളും തലസ്ഥാനത്തെ സമ്മേളനത്തിലും അലയടിക്കും.തൃശ്ശൂരില്‍ സിപിഐയെ തോല്‍പ്പിച്ചത് സിപിഎം ആണെന്ന് വ്യക്തമായിട്ടും മുട്ടു വിറച്ച് സിപിഎം നേതൃത്വത്തിന് മുന്നില്‍ പാര്‍ട്ടിയുടെ അസ്ഥിത്വം സിപിഐ നേതൃത്വം അടിയറവ് വയ്ക്കുകയാണെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നത്.

സിപിഐക്ക് മുന്‍തൂക്കമുള്ള കൊല്ലം സമ്മേളനത്തിലുടനീളം വിമര്‍ശനങ്ങള്‍ക്കും ചേരിതിരിവിനുമാണ് സ്ഥാനമുണ്ടായിരുന്നത്. പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം അടക്കം വിമര്‍ശനത്തിന് ഇരയായി. മുഖ്യമന്ത്രിയെ ഭയമാണ് സിപിഐ നേതൃത്വത്തിനെന്നും മന്ത്രിമാര്‍ പരാജയമാണെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി എന്താണ് ഇന്നത്തെ സമ്മേളനത്തില്‍ നടക്കുക എന്നാണ് ഇനി ഉറ്റുനോക്കേണ്ടത്.