സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത്; ഇടത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത

Jaihind Webdesk
Saturday, January 7, 2023

തൃശ്ശൂര്‍: ഇടത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത. വിഴിഞ്ഞവും, ബഫർസോണും പിൻവാതിൽ നിയമനങ്ങളും അടക്കമുള്ള വി‍ഷയങ്ങൾ അക്കമിട്ട് നിരത്തിയാണ് വിമർശനം. തുടർച്ചയായി വികലമായ നയങ്ങളാണ് ഇടത് സർക്കാർ നടപ്പാക്കുന്നത്. ഈ സർക്കാരിന് ജനക്ഷേമ മുഖമില്ലെന്നും സഭ തുറന്നടിക്കുന്നു. അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ പുതുവർഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സർക്കാരിനെ കടന്നാക്രമിച്ചുള്ള വിമർശനം.

ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നത് കാണാതിരിക്കാനാവില്ലെന്ന ആമുഖത്തോടെയാണ് വിമർശനം തുടങ്ങുന്നത്. കേരളത്തിൽ ഏറെ നാളുകളായി പല വിഷയങ്ങളെ ചൊല്ലി ജനങ്ങൾ ആശങ്കയിലാണ്. സർക്കാരിന്‍റെ  വികലമായ നയങ്ങൾ ദുരിതം സമ്മാനിക്കുന്നു. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതമാകുന്ന ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഇത് സർക്കാരിൻറെ ശോഭ കെടുത്തുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികൾ ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നു. തലമുറകൾ അത്യധ്വാനം ചെയ്ത് സാധിച്ചെടുത്ത കിടപ്പാടവും സ്വത്തും കുടിയൊഴിഞ്ഞു പോകേണ്ടി വരുന്നവരുടെ ദുർഗതി ഭരണശീതളിമതയിൽ വിയർപ്പൊഴുക്കാതെ വിഹരിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നവർ മനസിലാക്കാതെ പോകുന്നു. വിഴിഞ്ഞവും കെ-റെയിലും ജനങ്ങൾക്ക് തീരാദുരിതമാണ് നൽകിയത്. പിൻവാതിൽ നിയമനം ഭരണ കക്ഷിക്ക് രാഷ്ട്രീയ സാമ്പത്തീക വളർച്ച ഉറപ്പുവരുത്തും. എന്നാൽ അത് യോഗ്യരായവരെ ചൂഷണം ചെയ്യുന്നതും കണ്ണീരിലാഴ്ത്തുന്നതുമാണെന്നും സഭ ഓർമിപ്പിക്കുന്നു.