അരവണ വിതരണത്തിലെ പ്രതിസന്ധി; ഒരാൾക്ക് നല്‍കുന്നത് അഞ്ച് ടിൻ മാത്രം

Jaihind Webdesk
Wednesday, January 3, 2024

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നർ ക്ഷാമം കാരണം ഒരാൾക്ക് അഞ്ച് ടിൻ മാത്രം.  ഇന്ന് കൂടുതൽ ടിനുകൾ പുതുതായി കരാർ എടുത്ത കമ്പനികൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

രണ്ട് കമ്പനികളാണ് ദിവസവും ഒന്നര ലക്ഷം ടിനുകൾക്കായി കരാർ ഏറ്റെടുത്തിരുന്നത്. ഇതിലെ ഒരു കമ്പനി വീഴ്ച വരുത്തിയതോടെ അരവണ വിതരണത്തിലെ പ്രതിസന്ധി തുടങ്ങിയത്.  ഒരു കരാറുകാരൻ മാത്രമാണ് ഇപ്പോള്‍ ടിന്‍ നല്‍കുന്നത്. അതിനാല്‍ ഉൽപാദനം പകുതിയാക്കി കുറച്ചു. ഇതോടെ രണ്ട് ദിവസം മുൻപ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. മകരവിളക്ക് തീർത്ഥാടനം മുന്നിൽക്കണ്ട് പ്രശ്നപരിഹാരത്തിനായി രണ്ട് കമ്പനികൾക്ക് കൂടി കരാർ നൽകിയിട്ടുണ്ട്. ഇവർ കണ്ടെയ്നറുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷ.