ഏലക്കായിൽ കീടനാശിനിയുടെ അംശം; ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു

Jaihind Webdesk
Wednesday, January 11, 2023

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു. അരവണയിൽ ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന്, ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അയ്യപ്പാ സ്പൈസസ് എന്ന സ്ഥാപനം നൽകിയ ഹർജിയെ തുടർന്നാണ് നടപടി. അപ്രതീക്ഷിതമായി അരവണ കൗണ്ടർ അടച്ചതോടെ അരവണക്കായി ക്യു നിന്ന അയ്യപ്പ ഭക്തരും വിഷമത്തിലായി. ശബരിമലയിലെ പ്രഥാന പ്രസാദമാണ് അരവണ. തീർത്ഥാടനത്തിന് ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അരവണ അടക്കമുള്ള പ്രസാദങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് അന്യ സംസ്ഥാന തീർത്ഥാടകരടക്കമുള്ളവർക്ക് ഏറെ പ്രാഥാന്യമുള്ളതാണ്. മകരവിളക്ക് ഉത്സവത്തിന് തൊട്ട് മുൻപായി പ്രസാദ വിതരണത്തിലുണ്ടായ പ്രതിസന്ധി ദേവസ്വം ബോർഡ് അധികൃതർക്കും ഏറെ തലവേദനയായിട്ടുണ്ട്. ഏലക്കാ ഇല്ലാത്ത അരവണ എത്രയും പെട്ടന്ന് വിതരണത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ് അധികൃതർ.