
ആരവല്ലി മലനിരകളില്‍ പുതിയ ഖനന ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ആരവല്ലി കടന്നുപോകുന്ന രാജസ്ഥാന്, ഹരിയാന, ഗുജറാത്ത്, ഡല്‍ഹി എന്നീ നാല് സംസ്ഥാനങ്ങള്‍ക്കും ഇതുസംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കി. ഖനനാനുമതി നല്കുന്ന കാര്യത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോയ കേന്ദ്രം, മലനിരകളിലെ സംരക്ഷിത മേഖല വിപുലീകരിക്കാനും ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.
ആരവല്ലി കുന്നുകള്‍ക്കും മലനിരകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിര്‍വചനം വ്യാപകമായ പാരിസ്ഥിതിക നാശത്തിന് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിര്‍വചനം അനധികൃത ഖനനത്തിന് പച്ചക്കൊടി കാട്ടുന്നതാണെന്ന ആശങ്ക ശക്തമായതോടെ രാജസ്ഥാനിലും ഹരിയാനയിലുമടക്കം വന്‍ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ജനരോഷം കനത്തതോടെയാണ് പുതിയ ഖനന ലൈസന്‍സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനവുമായി കേന്ദ്രം രംഗത്തെത്തിയത്.
നിലവിലുള്ള ഖനന നിരോധിത മേഖലകള്‍ക്ക് പുറമെ പുതുതായി എവിടെയൊക്കെ വിലക്ക് ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നല്കാന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എജുക്കേഷനോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഗുജറാത്ത് മുതല്‍ ഡല്‍ഹി വരെയുള്ള ആരവല്ലിയുടെ ഭൗമശാസ്ത്രപരമായ അതിര്‍വരമ്പുകളെയും ജൈവവൈവിധ്യത്തെയും പൂര്‍ണ്ണമായി സംരക്ഷിച്ചുനിര്‍ത്തുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ആരവല്ലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖനന പാട്ടങ്ങള്‍ സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിക്കുന്നില്ലെന്ന് അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. മതിയായ പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിരീക്ഷണം നടത്തണം. ആരവല്ലിയുടെ ആവാസവ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.