ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. എ ബാച്ച് വിഭാഗത്തില്‍ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തില്‍ കൊറ്റത്തൂര്‍ കൈതക്കോടി പള്ളിയോടവുമാണ് വിജയികളായത്. വാശിയേറിയ മത്സരത്തിനൊടുവില്‍ വ്യക്തമായ ലീഡോടെ മേലുകര പള്ളിയോടം ഒന്നാമതെത്തിയപ്പോള്‍ അയിരൂര്‍ രണ്ടാമതും മല്ലപ്പുഴശ്ശേരി മൂന്നാമതുമെത്തി. ബി ബാച്ച് വള്ളങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് കൊറ്റത്തൂര്‍ കൈതക്കോടി വിജയിച്ചത്. ഈ വിഭാഗത്തില്‍ കോടിയാട്ടുകര പള്ളിയോടം രണ്ടാമതും ഇടപ്പാവൂര്‍ മൂന്നാമതുമായി ഫിനിഷ് ചെയ്തു.
വള്ളംകളിയില്‍ സമയ നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി. അതേസമയം, ആചാരത്തനിമയോടെ നടന്ന ഈ വര്‍ഷത്തെ വള്ളംകളി കാണാന്‍ പമ്പയുടെ ഇരുകരകളിലും നിരവധി ആളുകളാണ് തടിച്ചുകൂടിയത്. സിനിമാതാരം ജയസൂര്യയായിരുന്നു വള്ളംകളിയിലെ മുഖ്യ അതിഥി. വിജയികള്‍ ആഘോഷപൂര്‍വ്വം മന്നം ട്രോഫി ഏറ്റുവാങ്ങി.