പത്തനംതിട്ട: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. ഭഗവാന്റെ പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ഇന്ന് ഉച്ചയ്ക്ക് 11.30-ഓടെയാണ് വള്ളസദ്യക്ക് തുടക്കമാകുന്നത്.
ഭഗവാനും ഭക്തര്‍ക്കൊപ്പം സദ്യ ഉണ്ണുമെന്നാണ് വിശ്വാസം. അതിനാല്‍ നാടിന്റെ നാനാഭാഗത്തുനിന്നും വള്ളസദ്യയിലും സമൂഹസദ്യയിലും പങ്കെടുക്കാന്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിശ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള 75 പാചകക്കാരും 200-ഓളം തൊഴിലാളികളും ചേര്‍ന്നാണ് സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കിയത്. വള്ളസദ്യയിലെ വിഭവങ്ങള്‍ക്ക് പുറമേ, അമ്പലപ്പുഴ പാല്‍പായസവും ഇത്തവണത്തെ സദ്യയില്‍ ഉണ്ടാകും.
ഉച്ചയ്ക്ക് 11.30-ന് കൊടിമരച്ചുവട്ടില്‍ ദീപം തെളിയിച്ച ശേഷം ഭഗവാനെ സങ്കല്‍പ്പിച്ച് നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പുന്നതോടെ സദ്യക്ക് തുടക്കമാകും. 52 പള്ളിയോടക്കാര്‍ക്കായി പ്രത്യേക പന്തലുകളൊരുക്കിയിട്ടുണ്ട്. മറ്റ് ഭക്തര്‍ക്കായി ക്ഷേത്രമുറ്റത്ത് സമൂഹസദ്യയും നടക്കും. 501 പറ അരിയുടെ സദ്യയാണ് ഇത്തവണ തയ്യാറാക്കുന്നത്. ഒരു ലക്ഷത്തിലധികം ഭക്തര്‍ സദ്യയില്‍ പങ്കുചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം പങ്കെടുക്കുന്ന സമൂഹസദ്യയെന്ന നിലയില്‍ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ റെക്കോര്‍ഡ് ബുക്കുകളിലും ഇടം നേടിയിട്ടുണ്ട്.