ആന്തൂരിലെ കൺവെൻഷൻ സെന്‍ററിന് പെട്ടെന്ന് അനുമതി നൽകാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറിയും

Jaihind Webdesk
Friday, June 28, 2019

Kannur-Pravasi-death

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ കൺവെൻഷൻ സെന്‍ററിന് പെട്ടെന്ന് അനുമതി നൽകാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറി. പുതിയതായി ചുമതലയേറ്റ നഗരസഭ സെക്രട്ടറി ബക്കളത്തെ കൺവെൻഷൻ സെൻററിൽ പരിശോധന നടത്തി. നിർമാണത്തിൽ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകൾ പരിഹരിച്ചതിന് ശേഷമേ നൽകൂവെന്നും നഗരസഭാ സെക്രട്ടറി.

ഓഡിറ്റോറിയത്തിന് മനപൂർവ്വം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്ന് സസ്‌പെൻഷനിലായവർക്ക് പകരം ചുമതലയേറ്റ പുതിയ നഗരസഭാ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും സാജൻറെ പാർത്ഥാസ് കൺവൻഷൻ സെൻററിൽ പരിശോധന നടത്തിയിരുന്നു. പുതിയതായി ചുമതലയേറ്റ നഗരസഭ സെക്രട്ടറിയുടെയും അസി.എഞ്ചിനീയറുടെയും നേതൃത്വത്തിലാണ് ബക്കളത്തെ കൺവെൻഷൻ സെൻററിൽ പരിശോധന നടന്നത്. മുൻ നഗരസഭാ സെക്രട്ടറി കണ്ടെത്തിയ ചട്ടലംഘനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.ഈ പരിശോധനയ്ക്ക് ശേഷം ആണ് ചില മാറ്റങ്ങൾ കൂടി നടപ്പിലാക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്. പബ്ലിക് ടോയ്‌ലറ്റിൽ 21 യൂറിൻ കാബിനുകൾ വേണ്ട സ്ഥാനത്ത് 14 എണ്ണമേയുള്ളൂ. ഇവിടെ ഏഴ് എണ്ണം കൂടി സ്ഥാപിക്കണം. ഒരു ടോയ്‌ലറ്റ് അധികമായി നിർമ്മിക്കണം. ഓഡിറ്റോറിയത്തിലേക്ക് പ്രവശനം എളുപ്പമാക്കാൻ വേണ്ടി നിർമ്മിച്ച റാംപിൻറെ ചരിവ് കുറക്കണം. എന്നീ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇവ നടപ്പിലാക്കിയാൽ ഓഡിറ്റോറിയത്തിന് അനുമതി നൽകാം എന്നാണ് നഗരസഭയുടെ പുതിയ നിലപാട്

ഗ്രൗണ്ട് പാർക്കിംഗിലെ തൂണുകൾ തമ്മിലുള്ള അകലം സംബന്ധിച്ച് മുൻ നഗരസഭാ സെക്രട്ടറി ഉന്നയിച്ച പ്രശ്‌നങ്ങൾ പുതിയ റിപ്പോർട്ടിൽ ഇല്ല. അന്തിമാനുമതി അപാകതകൾ പരിഹരിച്ചതിന് ശേഷമേ നൽകൂവെന്നും നഗരസഭാ സെക്രട്ടറി എം സുരേശൻ അറിയിച്ചു.ഇതിനിടെ സസ്‌പെൻഷനിലുളള രണ്ട് നഗരസഭാ ഉദ്യോഗസ്ഥരുടെ മൊഴി കൂടി അന്വേഷണ സംഘം രേഖപ്പെടുത്തി.