കൊവിഡിന്‍റെ മറവില്‍ മലബാര്‍ സിമന്‍റ്സില്‍ പിന്‍വാതില്‍ നിയമനം; സിഐടിയുവിന്‍റെ സൊസൈറ്റിയിലുള്ള 93 പേര്‍ക്ക് നിയമനം നല്‍കി

Jaihind News Bureau
Thursday, April 23, 2020

കൊവിഡിന്‍റെ മറവില്‍ മലബാര്‍ സിമന്‍റ്സില്‍ പിന്‍വാതില്‍ നിയമനം. സിഐടിയു  നേതൃത്വം ഭരിക്കുന്ന മലബാര്‍ സിമന്റ്‌സ് ലേബേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നുള്ള 93 പേര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് ഏര്‍പ്പെടുത്തിയതിനിടെയാണ് ഇത്രയും പേര്‍ക്ക് കാഷ്വല്‍ ലേബര്‍ തസ്തികയില്‍ നിയമനം നല്‍കിയത്.കോണ്‍ഗ്രസ് ഒബിസി ഡിപ്പാര്‍ട്മെന്‍റ് ചെയര്‍മാന്‍ സുമേഷ് അച്യുതനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ് ബുക്കിലൂടെ രംഗത്തെത്തി.

പത്രപ്പരസ്യം വഴി അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തുക അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തെരഞ്ഞെടുക്കുക എന്നതാണ് താല്‍ക്കാലിക നിയമനത്തിനുള്ള വ്യവസ്ഥ എന്നിരിക്കെ കൊവിഡ് കാലത്ത് അടച്ചിട്ടിരിക്കുന്ന കമ്പനിയുടെ നോട്ടീസ് ബോര്‍ഡില്‍ ഇതു സംബന്ധിച്ച് അപേക്ഷ വാങ്ങുന്നതായി കാണിച്ച് അറിയിപ്പ് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

നഷ്ട കണക്കു പറഞ്ഞ് കാലാകാലങ്ങളിൽ നൽകിയിരുന്ന യൂണിഫോം അലവൻസ് , മെഡിക്കൽ റീ ഇമ്പേഴ്സ്മെന്‍റ് എന്നിവ നൽകാത്ത കമ്പനിയിലാണ് സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ തൊഴിലാളി നിയമനം നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.