ബാലാവകാശ കമ്മീഷനില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി സഖാവിന് നിയമനം; ‘മാതൃക’യായി മന്ത്രി കെ.കെ.ഷൈലജ ; നിയമനം രണ്ട് ജില്ലാ ജഡ്ജിമാരെ പോലും മറികടന്ന്

Jaihind News Bureau
Wednesday, June 24, 2020

ആക്ഷേപങ്ങൾക്കിടെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി സ്‌കൂള്‍ പിടിഎ അംഗവും സിപിഎമ്മുകാരനുമായ വ്യക്തിയ്ക്ക് ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചു. മന്ത്രിസഭായോഗത്തിലാണ് സിപിഎമ്മിന്‍റെ തലശ്ശേരിയിലെ പ്രാദേശിക നേതാവും ബര്‍ണന്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ പിടിഎ അംഗവുമെന്ന യോഗ്യത മാത്രമുള്ള അഡ്വ. കെ.വി മനോജ്കുമാറിനെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാൻ തീരുമാനമായത്. രണ്ട് ജില്ലാ ജഡ്ജിമാരെ പോലും മറികടന്നാണ് നിയമനം. കേന്ദ്ര-സംസ്ഥാന സർക്കാർ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് നിയമനം നടന്നിരിക്കുന്നത്.

ബാലാവകാശ കമ്മീഷന്‍റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത വിധത്തിലാണ് യോഗ്യതകളും മാനദണ്ഡങ്ങളും പാർട്ടിക്കാരന് വേണ്ടി മാറ്റിമറിച്ചത്. നിയമനം സംബന്ധിച്ച ആക്ഷേപങ്ങള്‍ മന്ത്രിസഭായോഗം തള്ളി. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പോലുള്ള അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാനത്തേക്ക് യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് കേന്ദ്ര ചട്ടം എന്നിരിക്കെയാണ് അഭിമുഖം പോലും പ്രഹസനമാക്കി 27 അംഗ അഭിമുഖ പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന കെ.വി. മനോജ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ദ്ധ ജൂഡീഷ്യല്‍ അധികാരമുള്ള ഈ പദവിയിയാണ് ബാലാവകാശ കമ്മീഷന്‍റേത്. കഴിഞ്ഞ കാലങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ സ്ഥാനം വഹിച്ചതാണ് ബാലാവകാശ ചെയര്‍പേഴ്‌സണ്‍ സ്ഥാനം. കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പരിചയം, ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ തുടങ്ങിയവയായിരുന്നു മുമ്പൊക്കെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുഖ്യ യോഗ്യതകള്‍. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ ഈ യോഗ്യതകളെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് അഭിമുഖവും നിയമനവും നടത്തിയത്.

സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജയാണ് ഈ അഭിമുഖത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടിക്കാരനെ നിയമിക്കുന്നതിന് വേണ്ടി യോഗ്യതയില്‍ പോലും ഇളവുകള്‍ വരുത്തുന്നതിന് നേതൃത്വം നല്‍കിയതും വകുപ്പ് മന്ത്രി തന്നെ. വര്‍ഷങ്ങളായി നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റംവരുത്തികൊണ്ടുള്ള പുതിയ ഉത്തരവ് 2020 മാര്‍ച്ച് 22-നാണ് പുറത്തിറക്കിയത്. സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും കാഴ്ചപ്പാടില്‍ സ്‌കൂള്‍ പിടിഎ അംഗത്വമാണ് ‘കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച പരിചയം’ എന്ന നിലയില്‍ പാർട്ടിക്കാരനുള്ള യോഗ്യത അത് ജില്ലാ ജഡ്ജിയുടെ യോഗ്യതയേക്കാള്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നത്രേ!