K T Jaleel| ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനം: ചട്ടം ലംഘിച്ചു; കെ ടി ജലീലിനെതിരെ തെളിവുകളുമായി കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, September 10, 2025

മുന്‍മന്ത്രി കെ.ടി ജലീലിന്റെ ഭാര്യയ്ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം ലഭിച്ചത് വിവാദമാകുന്നു. കോണ്‍ഗ്രസ് നേതാവ് സിദ്ദിഖ് പന്താവൂര്‍ സോഷ്യല്‍മീഡിയയില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി കെ. ടി. ജലീല്‍ ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്‌തെങ്കിലും, തെളിവുകള്‍ പുറത്തുവിട്ടുകൊണ്ട് സിദ്ദിഖ് പന്താവൂര്‍ ആരോപണം ആവര്‍ത്തിച്ചു.

മറ്റൊരു അധ്യാപികക്ക് നിയമാനുസൃതം ലഭിക്കേണ്ട സ്ഥാനക്കയറ്റം, മന്ത്രിയായിരിക്കെ കെ ടി ജലീല്‍ സ്വാധീനം ഉപയോഗിച്ച് ഭാര്യ ഫാത്തിമകുട്ടിക്ക് നേടികൊടുത്തു എന്ന് കഴിഞ്ഞ ദിവസം DCC ജനറല്‍ സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ടി. ജലീലും പ്രതികരിച്ചു. ”ഭാര്യ എം.പി. ഫാത്തിമകുട്ടിയുടെ സ്ഥാനക്കയറ്റവുമായി തനിക്ക് ഒരുതരത്തിലുള്ള ബന്ധവുമില്ല. ആയിരം വട്ടം ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്യുന്നു, മന്ത്രിസഭയിലെ അംഗമായിരിക്കെ ഒരാളോടും ശുപാര്‍ശ നടത്തിയിട്ടില്ല. എന്ന് ജലീല്‍ പോസ്റ്റില്‍ പറഞ്ഞു. തുടര്‍ന്നാണ് ആരോപണം ഉന്നയിച്ച സിദിഖ് പന്താവൂര്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരേ തീയതിക്ക് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് സീനിയോരിറ്റി പരിഗണിക്കുമ്പോള്‍ ജനനതീയതി ബാധകമാണെന്ന KER ചട്ടം ലംഘിച്ചാണ് മന്ത്രിയുടെ ഭാര്യ എം പി ഫാത്തിമകുട്ടിക്ക് പ്രിന്‍സിപ്പല്‍ ആയി 2016 ല്‍ സ്ഥാനകയറ്റം നല്‍കിയതെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

സ്ഥാനം നഷ്ടമായ അധ്യാപിക പ്രീത മന്ത്രിയുടെ ഭാര്യക്കെതിരെ നിയമ പോരാട്ടത്തിന് തയ്യാറായിരുന്നില്ല. പകരം, സ്‌കൂള്‍ മാനേജര്‍ക്ക് പരാതി നല്‍കി. കെ ടി ജലീല്‍ കളവ് സ്ഥാപിച്ചെടുക്കാന്‍ ആയിരംതവണ സത്യം ചെയ്യുന്നുവെന്നും സിദിഖ് പന്താവൂര്‍ പറഞ്ഞു.

അതിനിടെ, വിശ്വാസ പ്രമാണങ്ങളെ വച്ച് സത്യം ചെയ്യുന്ന കെ ടി ജലീലിന്റെ രീതി രാഷ്ട്രീയരംഗത്ത് ചര്‍ച്ചയാവുകയാണ്.