താല്‍ക്കാലിക വിസി നിയമനത്തിലെ സര്‍ക്കാര്‍ വിമര്‍ശനത്തില്‍ കടുത്ത എതിര്‍പ്പുമായി രാജ്ഭവന്‍. മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ നേരിട്ട് എതിര്‍പ്പറിയിച്ചു. ചര്‍ച്ചയിലും വിവിധ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. തന്റെ ഉത്തമ ബോധ്യത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് ഗവര്‍ണറുടെ നിലപാട്.
കേരള യൂണിവേഴ്‌സിറ്റിയില്‍ സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ അനില്‍കുമാറിന് സര്‍ക്കാര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിലും ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്. ഇതിനിടെ കേരള സര്‍വകലാശാല ജീവനക്കാരെ സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകള്‍. സിന്‍ഡിക്കേറ്റ് നല്‍കിയ കള്ളപ്പരാതികള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയന്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കും.