ബന്ധു നിയമനങ്ങളുടെ സ്വന്തം സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറി; കടകംപള്ളിയുടെ മകന്‍റെ നിയമനം പ്രതിഷേധാര്‍ഹമെന്ന് ജെ.എസ് അഖില്‍

Jaihind News Bureau
Friday, June 26, 2020

 

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനെ എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം ജെ.എസ് അഖില്‍. തസ്തികയിലേക്ക് യോഗ്യരായ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നിട്ടും  സ്വന്തം മകനു വേണ്ടി അധികാര ദുർവിനിയോഗം നടത്തി അവരെ വഞ്ചിക്കുകയാണ് മന്ത്രി  ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പി.എസ്.സി നിയമനങ്ങള്‍ മരവിപ്പിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരായി പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റുന്നത് തുടരുന്നതിനിടെയാണ് ഈ നിയമനവും നടക്കുന്നത്. ബന്ധു നിയമനങ്ങളുടെ സ്വന്തം സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെ ആത്മാർത്ഥമായ പ്രതികരണം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ അധികാര ദുർവിനിയോഗത്തിലൂടെ മകനെ അനർഹമായി കഴക്കൂട്ടത്തെ സർക്കാർ സ്ഥാപനത്തിൽ ജോലിയിൽ തിരുകിക്കയറ്റിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ബി.ടെക് എന്‍ജിനീയറായ മകനെ മന്ത്രിയുടെ മണ്ഡലത്തിലെ എനര്‍ജി മാനേജ്‌മെന്റില്‍ എനര്‍ജി ടെക്‌നോളജിസ്റ്റ് ബി ഗ്രേഡിലാണ് നിയമിച്ചത്. 31000 – 83000 രൂപ വരെയാണ് ശമ്പളം. തസ്തികയിലേക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളിയാണ് യോഗ്യതയില്ലാത്ത മന്ത്രിപുത്രന് അവസരം ഒരുക്കിത്. ഈ തസ്തികയിലേക്ക് യോഗ്യരായ നിരവധി ചെറുപ്പക്കാർ കഴക്കൂട്ടം നിയോജകമണ്ഡലത്തിലും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സ്വന്തം മകന് വേണ്ടി അധികാര ദുർവിനിയോഗം നടത്തി ഈ ചെറുപ്പക്കാരെ വഞ്ചിക്കുകയായിരുന്നു ശ്രീ കടകംപള്ളി സുരേന്ദ്രൻ ചെയ്തത്. സി.ഇ.ടി പോലെ നിരവധി മികച്ച നിലവാരമുള്ള എഞ്ചിനീയറിംഗ് കോളേജുകൾ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് കഴക്കൂട്ടം. ഈ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികളെ നോക്കുകുത്തിയാക്കിയാണ് ഈ അനധികൃത നിയമനം നടത്തിയത്.

കേരള സർവ്വകലാശാലയെ തകർക്കാൻ കോൺഗ്രസ് ശ്രമിച്ചു എന്നും പറഞ്ഞ് പ്രതിഷേധം നടത്തുന്ന എസ്.എഫ്.ഐയും മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധം നടത്തുന്ന ഡി.വൈ.എഫ്.ഐയും മന്ത്രിയുടെ ഗുരുതരമായ അധികാരദുർവിനിയോഗം കണ്ടില്ലെന്ന് നടിക്കുകയാണ്.

പി.എസ്.സി നിയമനങ്ങള്‍ മരവിപ്പിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരായി പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റുന്നത് തുടരുന്നതിനിടെയാണ് ഈ നിയമനവും നടക്കുന്നത്. ബന്ധു നിയമനങ്ങളുടെ സ്വന്തം സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ എസ്എഫ്ഐയുടെ യും ഡിവൈഎഫ്ഐയുടെ ആത്മാർത്ഥമായ പ്രതികരണം ആഗ്രഹിക്കുന്നു.