ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം കേന്ദ്ര സർക്കാരിന് തിരിച്ചടി. പാർലമെന്റ് നിയമം നിർമ്മിക്കുന്നത് വരെ തെരെഞ്ഞെടുപ്പ് കമ്മീഷണർ മാരുടെ നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഏകപക്ഷീയമായി ഇനി കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനാവില്ല.
പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നതാവണം സമിതിയെന്നും സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകുന്നവര്‍ അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയില്‍ പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് അജയ് റസ്തോഗി, ഹൃഷികേശ് റോയ്,അനിരുദ്ധ ബോസ്,സി.ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.