‘ബിഹാര്‍ കുട്ടിക്ക്’ 80 ലക്ഷം; ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കി

ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീർപ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകിയെന്നാണ് ഒത്തുതീർപ്പ് കരാറിൽ പറയുന്നത്. നിയമപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോംബെ ഹൈക്കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛൻ ആരെന്ന് കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവരുന്നതിന് മുന്നെയാണ് കേസ് ഒത്തുതീർപ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാൻ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തർക്കമാണ് കാര്യങ്ങൾ ഇത്രകാലം നീട്ടിയത്. 80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നൽകിയെന്നാണ് കരാർ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാൽ കുഞ്ഞിന്‍റെ പിതൃത്വത്തെ സംബന്ധിച്ച കാര്യങ്ങളില്‍ കരാറില്‍ പരാമർശിക്കുന്നില്ല.  അതേസമയം മുമ്പ് കേസ് ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് ഇരുവരും നൽകിയ അപേക്ഷയുടെ ഭാഗമായി കോടതിയില്‍  സമർപ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ടായിരുന്നു.

2019 ലാണ് ബിഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. പരാതി വ്യാജമാണെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി പരിശോധനാ ഫലം സീൽ ചെയ്ത കവറിൽ ഹൈക്കോടതിയിൽ കിടപ്പുണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വർഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടർന്നാണ് ഒത്തുതീർപ്പിലേക്ക് കാര്യങ്ങൾ വേഗം നീങ്ങിയത്. കേസ് അവസാനിച്ചതോടെ ഇനി ഡിഎൻഎ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസിൽ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച് ഓഷിവാര പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണ നടപടികൾ പുരോഗമിക്കവേയാണ് ഹൈക്കോടതിയിൽ ഇരുവരും ഒത്തുതീർപ്പിലെത്തിയത്.

Comments (0)
Add Comment