‘അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024’;പശ്ചിമബംഗാളില്‍ ബലാത്സംഗ ബിരുദ്ധബില്‍ പാസാക്കി.

Jaihind Webdesk
Tuesday, September 3, 2024

 

ഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമബംഗാള്‍ നിയമസഭ. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024, എന്ന തലക്കെട്ടില്‍, ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ശക്തിപ്പെടുത്താനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് നല്‍കാനും, ബലാത്സംഗത്തിന് ഇരയായ വ്യക്തി മരിച്ചാല്‍ പ്രതിക്ക് വധശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും സഭ അംഗീകരിച്ചില്ല. ഇതോടെ കൂട്ട ബലാത്സംഗം, ലൈംഗികാതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനമായി ബംഗാള്‍ മാറി.

കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ സര്‍ക്കാര്‍ നിയമസഭയുടെ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിച്ചത്. നിയമസഭ അംഗീകാരം ലഭിച്ചതോടെ ബില്‍ ഇനി ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനും തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും അംഗീകാരത്തിനായി അയക്കും.

ബില്‍ മാതൃകാപരവും ചരിത്രപരവുമാണെന്നായിരുന്നു മമതയുടെ പ്രതികരണം. അതേസമയം, ബി.ജെ.പിയും ബില്ലിനെ സ്വാഗതം ചെയ്തു. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ കര്‍ശന വ്യവസ്ഥകളും ഭാരതീയ ന്യായ് സംഹിതയിലും ഉണ്ടെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. ബില്ലില്‍ ഏഴ് ഭേദഗതികള്‍ ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി പ്രമേയം അവതരിപ്പിച്ചത്.

ബില്ലിനെക്കുറിച്ച് സംസാരിക്കവേ, ബില്ലിന് അനുമതി നല്‍കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണമെന്ന് മമത ബാനര്‍ജി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് ആവശ്യപ്പെട്ടു. ‘ഈ ബില്ലിലൂടെ, കേന്ദ്ര നിയമനിര്‍മ്മാണത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ബലാത്സംഗം മനുഷ്യരാശിക്കെതിരായ ശാപമാണ്, അത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്,’ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.