ന്യൂഡല്‍ഹി: ഒടുവില്‍, 15 മാസത്തെ അനിശ്ചിതത്വത്തിനും കാലതാമസത്തിനും വിരാമമിട്ട്, അമേരിക്കയില്‍ നിന്നുള്ള അപ്പാച്ചെ എഎച്ച്-64ഇ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചു. മരുഭൂമിയിലെ പോരാട്ടങ്ങള്‍ക്കായി പ്രത്യേക നിറം നല്‍കിയ മൂന്ന് ഹെലികോപ്റ്ററുകള്‍ യുപിയിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് എത്തിയത്. അതിര്‍ത്തിയില്‍ സൈന്യത്തിന് കരുത്ത് പകരുന്നതാണ് പുതിയ ഹെലികോപ്റ്ററുകളെങ്കിലും, സുപ്രധാനമായ പ്രതിരോധ ഇടപാടുകളില്‍ പോലും ഇത്രയും വലിയ കാലതാമസം സംഭവിക്കുന്നത് മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നതെന്ന വിമര്‍ശനം ശക്തമാകുന്നു
2020-ല്‍ അമേരിക്കയുമായി 600 മില്യണ്‍ ഡോളറിന്റെ (ഏകദേശം 4168 കോടി രൂപ) കരാര്‍ ഒപ്പിട്ട പ്രകാരമുള്ള ആറ് ഹെലികോപ്റ്ററുകളില്‍ ആദ്യ ബാച്ചാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 2024 മെയ് മാസത്തില്‍ ലഭിക്കേണ്ടിയിരുന്ന ഹെലികോപ്റ്ററുകള്‍ വിതരണ ശൃംഖലയിലെ തകരാറുകളും സാങ്കേതിക കാരണങ്ങളും മൂലം 15 മാസത്തോളമാണ് വൈകിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പുതിയ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി അടുത്തിടെ നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഇപ്പോള്‍ ധൃതിപിടിച്ച് ഹെലികോപ്റ്ററുകള്‍ എത്തിച്ചിരിക്കുന്നത്. അടുത്ത മൂന്നെണ്ണത്തിന്റെ ബാച്ച് ഈ വര്‍ഷം നവംബറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈന്യത്തിന് കരുത്ത്, പക്ഷെ വൈകിയെത്തിയ നേട്ടം
പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയില്‍ സൈന്യത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജോധ്പൂരിലെ ആര്‍മി ഏവിയേഷന്‍ കോറിലായിരിക്കും ഇവയെ വിന്യസിക്കുക. ‘ഇന്ത്യന്‍ സൈന്യത്തിന് ഇതൊരു നാഴികക്കല്ലാണ്. ഈ അത്യാധുനിക സംവിധാനങ്ങള്‍ സൈന്യത്തിന്റെ പോരാട്ടശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കും,’ എന്ന് സൈന്യം എക്സില്‍ കുറിച്ചു.
അതേസമയം, ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള 22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ 2015-ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം ബോയിംഗ് നേരത്തെ തന്നെ കൈമാറിയിരുന്നു. കരസേനയ്ക്ക് വേണ്ടിയുള്ള കരാര്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ഈ കാലതാമസം വ്യക്തമാക്കുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും മികച്ചതും യുദ്ധരംഗത്ത് കഴിവ് തെളിയിച്ചതുമായ ആക്രമണ ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് ബോയിംഗിന്റെ എഎച്ച്-64ഇ അപ്പാച്ചെ അറിയപ്പെടുന്നത്.