
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിപ്പട്ടികയില്‍ വരുമെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ വിഭ്രാന്തിയിലാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. ഈ പരിഭ്രാന്തി മറയ്ക്കാനാണ് മന്ത്രി വി. ശിവന്‍കുട്ടി സോണിയ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് മന്ത്രി സംസാരിക്കുന്നതെന്ന് അനില്‍കുമാര്‍ വിമര്‍ശിച്ചു. ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം സോണിയ ഗാന്ധിയുടെ വീട്ടിലാണെന്ന് പറയാന്‍ വല്ലാത്ത തൊലിക്കട്ടി തന്നെ വേണം. സര്‍ക്കാരും അന്വേഷണ ഏജന്‍സിയും കൈവെള്ളയിലുള്ള മന്ത്രി ഏത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണം. വെറുമൊരു രാഷ്ട്രീയ ആരോപണമാണെങ്കില്‍ അത് പിന്‍വലിച്ച് മാപ്പ് പറയാനുള്ള മാന്യത ശിവന്‍കുട്ടി കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നടപടിയെ അനില്‍കുമാര്‍ പരിഹസിച്ചു. സിപിഎമ്മിനെ പിണക്കാതിരിക്കാനാണ് പ്രതിപ്പട്ടികയില്‍ ഭരണപക്ഷ നേതാക്കള്‍ ഉള്ള കേസില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വയ്ക്കുന്നത്. ‘കേന്ദ്ര ഉപരോധത്തിനെതിരെ കേന്ദ്ര സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തുന്നതിന് പകരം പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് മാര്‍ച്ച് നടത്തിയ സിപിഎമ്മിനോടുള്ള പ്രത്യുപകാരമാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും എ.പി. അനില്‍കുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനമധ്യത്തില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ബിജെപി സിപിഎമ്മിനെ സഹായിക്കുകയാണെന്നും അനില്‍കുമാര്‍ ആരോപിച്ചു. ജനമനസ്സില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാകാതിരിക്കാനും കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളുടെ വീര്യം കുറയ്ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാതെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇരു പാര്‍ട്ടികളും കൈകോര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.