മിഷന്‍ 2025 വിജയകരമായി പൂര്‍ത്തികരിക്കുമെന്ന് എ പി അനില്‍കുമാര്‍

Jaihind News Bureau
Saturday, May 10, 2025

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഡിസിസിയില്‍ നേതാക്കളും പ്രവര്‍ത്തകരും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റായി കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫീസിലെത്തുന്നത്. ജില്ലാ അധ്യക്ഷന്‍ വിഎസ് ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, കെപിസിസി ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ എ പി അനില്‍കുമാറിനെ സ്വീകരിച്ചു. നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയവും- നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരമാറ്റവും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനത്തിന് പ്രധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കെ. സുധാകരന്‍ തുടങ്ങിവച്ച മിഷന്‍ 2025 വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.