
മതവിഭാഗങ്ങളെ തരംതിരിച്ച് വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ മന്ത്രിസ്ഥാനത്തും ജനപ്രതിനിധിയായും തുടരാന്‍ അര്‍ഹനല്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. സംഘപരിവാര്‍ സംഘടനകള്‍ പോലും പൊതുസമൂഹത്തില്‍ പറയാന്‍ മടിക്കുന്ന തീവ്ര വര്‍ഗ്ഗീയതയാണ് സജി ചെറിയാന്‍ വിളമ്പുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനപ്രതിനിധികളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരിച്ച് കണക്കെടുക്കാന്‍ സജി ചെറിയാന് ആരാണ് അനുവാദം നല്‍കിയതെന്ന് അനില്‍കുമാര്‍ ചോദിച്ചു. ഇത്തരം പ്രവണതകള്‍ സമൂഹത്തിലുണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരും. ജനസംഖ്യയില്‍ കുറവായ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട നേതാക്കളെപ്പോലും രാഷ്ട്രപതിയും മുഖ്യമന്ത്രിയുമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന പാരമ്പര്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പച്ചവെള്ളത്തില്‍ തീപിടിപ്പിക്കുന്ന വര്‍ഗ്ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പണിയാണ് സജി ചെറിയാന്‍ കഴിഞ്ഞ കുറേ നാളുകളായി ചെയ്യുന്നത്. വര്‍ഗ്ഗീയത പ്രസംഗിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ സജി ചെറിയാന് സിപിഎം അഖിലേന്ത്യാ നേതൃത്വം മൗനാനുവാദം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
അതിവൈകാരികമായ രീതിയില്‍ വിഷം തുപ്പുന്ന പ്രസംഗം നടത്തിയ സജി ചെറിയാന്‍ എത്രയും വേഗം തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പുപറയണം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.