അനിയാ നില്‍! പ്രതിപക്ഷത്തിന് നേരെ മുഷ്ടി ചുരുട്ടി വി ശിവന്‍കുട്ടി; കൈയ്ക്ക് കയറി പിടിച്ച് മുഖ്യമന്ത്രി

Monday, October 7, 2024

തിരുവനന്തപുരം: നിയമസഭയിലെ പഴയകാല സ്മരണകള്‍ വീണ്ടും ഓത്തെടുത്ത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ തടയുന്ന വീഡിയോ വൈറലാവുകയാണ്. പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിന് സമീപത്ത് കൂടെ പ്രതിപക്ഷനിരയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി, തന്റെ പ്രസംഗം നിര്‍ത്താതെ തന്ത്രപൂര്‍വ്വം ശിവന്‍കുട്ടിയുടെ കൈ പിടിക്കുകയായിരുന്നു. താക്കീത് മനസിലാക്കിയെന്നോണം അനുസരണയോടെ ശിവന്‍കുട്ടി സ്വന്തം സീറ്റിലേക്ക് തിരികെ പോയി.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് സംഭവം. റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. അതും മുഷ്ടിടി ചുരുട്ടിക്കൊണ്ട്. ഇതു ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താതെ തന്നെ ശിവന്‍കുട്ടിയുടെ കയ്യില്‍ പിടിച്ച് പിന്നോട്ടു വലിക്കുകയായിരുന്നു.

പണ്ട് നിയമസഭയിലെ പ്രകടനം ഒരു നിമിഷം വിദ്യാഭ്യാസ മന്ത്രിയുടെ മനസിലൂടെ കടന്നുപോയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.