ഹീറോയ്‌ക്കൊരു “ഹീറോ” : അനുപ്രിയയ്ക്ക് സമ്മാനമായി സൈക്കിൾ എത്തും

Jaihind News Bureau
Monday, August 20, 2018

അനുപ്രിയയെ ഓര്‍ക്കുന്നില്ലേ… കഴിഞ്ഞ ദിവസം 9000 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്ത കൊച്ചുമിടുക്കിയെ… തമിഴ് നാട്ടിലെ വില്ലുപുരം സ്വദേശിനിയായ 9 വയസ്സുകാരിയുടെ ഈ സല്‍പ്രവര്‍ത്തിയെ ആദരിക്കാതിരിക്കാന്‍ ഹീറോ സൈക്കിള്‍സിന് കഴിഞ്ഞില്ല. അവളുടെ പ്രവര്‍ത്തിയെ ആദരിച്ച് അവള്‍ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍സ് അറിയിച്ചു.

പിറന്നാള്‍ ദിനത്തില്‍ ഒരു സൈക്കിള്‍ വാങ്ങാനാണ് കഴിഞ്ഞ 4 വര്‍ഷമായി അനുപ്രിയ പല കുടക്കകളിലായി ചില്ലറ പൈസകള്‍ ശേഖരിച്ചത്. കേരള ജനത നേരിടുന്ന ദുരിതം കേട്ടറിഞ്ഞ അനുപ്രിയ തന്‍റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

അനുപ്രിയ 4 കുടുക്കകളും പൊട്ടിച്ച് പണം എടുക്കുമ്പോള്‍ കണ്ടു നിന്ന ഇളയ സഹോദരന്‍ പരിഷിത്ത് കണ്ണനും വെറുതെ ഇരുന്നില്ല. തന്‍റെ ചെറിയ സമ്പാദ്യവും അവന്‍ സഹോദരിയെ ഏല്‍പ്പിച്ചു. അങ്ങനെ 5 കുടുക്കകളും പൊട്ടിച്ച്  എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ആകെ 8846 രൂപ. മുഴുവന്‍ തുകയും അവള്‍ പിതാവ് ഷണ്‍മുഖനാഥനെ ഏല്‍പ്പിച്ചു.  മക്കളുടെ സഹാനിധിയിലേയ്ക്ക് ബാക്കി തുകയും ചേര്‍ത്ത് 9000 രൂപയുടെ ഡിഡി എടുത്ത് അന്ന് തന്നെ ഷണ്‍മുഖനാഥന്‍ അത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്ത ഈ സന്മനസ്സിന്‍റെ കഥ യതിരാജന്‍ ശ്രീനിവാസന്‍ ട്വീറ്റ് ചെയ്തു. ഏറെ വൈകിയില്ല ഈ സന്ദേശം ഹീറോ സൈക്കിള്‍സിന്‍റെ ശ്രദ്ധയില്‍ പെടാന്‍. ഉടന്‍ തന്നെ അനുപ്രിയയെ അഭിനന്ദനം അറിയിച്ച  അധികൃതര്‍ അവള്‍ക്കുള്ള സമ്മാനം പ്രഖ്യാപിച്ചു.