കൊല്ലം: ഓയൂരിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കൊല്ലം അഡീഷനൽ സെഷൻസ് കോടതി തള്ളി. പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനുപമ ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ അനുപമയ്ക്ക് ജാമ്യം നൽകിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി അനുപമയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഒന്നാം പ്രതി കെ.ആർ. പത്മകുമാറിന്‍റെ മകളാണ് അനുപമ. പത്മകുമാറിന്‍റെ ഭാര്യ അനിതകുമാരിയാണ് കേസിലെ രണ്ടാം പ്രതി. പത്മകുമാറും ഭാര്യയും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
2023 നവംബറിലാണ് ആറു വയസുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയത്. നാടു മുഴുവന്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പോലീസിന്‍റെ മൂക്കിന് കീഴില്‍ നടന്ന സംഭവത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത് പോലീസ് സേനയ്ക്കു തന്നെ വലിയ നാണക്കേടായിരുന്നു. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡിസംബർ ഒന്നിനാണ് പ്രതികളെ പിടികൂടിയത്.