ആനാവൂർ അന്ന് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്, ഇപ്പോള്‍ പറയുന്നത് കള്ളം; പാർട്ടി നിലപാട് മുഖം രക്ഷിക്കാനെന്ന് അനുപമ

Jaihind Webdesk
Friday, October 22, 2021

 

തിരുവനന്തപുരം : അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്നാണ് പാർട്ടി നിലപാടെന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ പ്രസ്താവന കാപട്യമെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കളായ അനുപമയും അജിത്തും. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍  ആനാവൂർ നാഗപ്പന്‍  തങ്ങളോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്ന് ഇരുവരും പറഞ്ഞു.  വിഷയം വിവാദമായപ്പോഴെടുത്ത നിലപാട് മുഖം രക്ഷിക്കാനുള്ളതാണെന്നും സിപിഎമ്മിന്‍റെ നിലപാടില്‍ വിശ്വാസമില്ലെന്നും അനുപമയും അജിത്തും വ്യക്തമാക്കി.

‘കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാട്. അതിനായുള്ള നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകും. ഇക്കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നറിയില്ല. ഇക്കാര്യത്തിൽ കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. അനുപമയുമായി ഇക്കാര്യം ഞാൻ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാൽ ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നു’ – ഇതായിരുന്നു ആനാവൂർ ഇന്ന് പറഞ്ഞത്.

എന്നാല്‍ ആനാവൂർ അന്ന് പറഞ്ഞത് ഇതായിരുന്നില്ലെന്നും തങ്ങളോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്നും അനുപമ പറയുന്നു.

‘ഇപ്പോൾ പറയുന്നതല്ല പാ‍ർട്ടി അന്നെടുത്ത നിലപാട്. ആറ് മാസം മുൻപേ ഇതേ വിഷയത്തിൽ ആനാവൂ‍ർ നാ​ഗപ്പനെ ഞങ്ങൾ നേരിൽ പോയി കണ്ടതാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആനാവൂ‍ർ നാ​ഗപ്പനും ജയൻ ബാബു സഖാവിനും ഞങ്ങൾ പരാതി നൽകിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിലാണ് നേതാക്കളെ കാണാൻ പോയത്. കൊവിഡ് രോ​ഗബാധിതനായി വിശ്രമത്തിലായിരുന്നതിനാൽ ആനാവൂരിനെ അന്ന് നേരിൽ കാണാനായില്ല. പക്ഷേ ഫോണിൽ സംസാരിക്കുകയും പരാതി പാ‍ർട്ടി ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്‍റെ പരാതിയിൽ ഒരിടത്തും എന്‍റെ കൈയിൽ നിന്നും അനുമതി എഴുതി വാങ്ങി എന്നൊരു കാര്യം പറയുന്നില്ല. ആനാവൂരിന് ഞാൻ പരാതി കൊടുക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം എന്‍റെ പിതാവിനോട് സംസാരിച്ചത്. അച്ഛനാണ് എന്‍റെ അനുമതി പത്രത്തോടെയാണ് കു‍ഞ്ഞിനെ കൈമാറിയത് എന്ന് കള്ളം പറഞ്ഞത്. പിന്നെ എങ്ങനെയാണ് എന്നോട് ഇതേകാര്യം ആദ്യം തന്നെ സംസാരിച്ചു എന്ന് ആനാവൂ‍ർ നാ​ഗപ്പൻ പറയുക?’ – അനുപമ പറയുന്നു.

ഏപ്രിൽ 19-ന് പേരൂർക്കട പൊലീസിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും അനുപമയും അജിത്തും പരാതി കൊടുത്തെങ്കിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ല. അതേസമയം പ്രസവിച്ച മൂന്നാം ദിവസം തന്‍റെ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയെന്ന പരാതിയിൽ ഇപ്പോള്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ വിവരങ്ങൾ തേടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പൊലീസ് കത്ത് നൽകി. അനുപമയ്ക്ക് കുഞ്ഞ് നഷ്ടപ്പെട്ട ദിവസം ശിശുക്ഷേമ സമിതിയിൽ ഒരു ആൺകുട്ടിയെ ലഭിച്ചെന്ന് ശിശുക്ഷേമ സമിതി പൊലീസിനെ അറിയിച്ചു. നേരത്തേ പരാതി നല്‍കിയിട്ടും  അന്ന് നടപടിയെടുക്കാതിരുന്ന പൊലീസും പാർട്ടി സംവിധാനവും ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. പാർട്ടിയും ഭരണസംവിധാനങ്ങളും പ്രതിരോധത്തിലായ വിഷയത്തിൽ പ്രതിഷേധം ശക്തമാണ്.