35 വര്‍ഷത്തെ നിയമക്കുരുക്ക്; ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി; കേസിന്റെ നാള്‍ വഴി

Jaihind News Bureau
Saturday, January 3, 2026

കേരള നിയമചരിത്രത്തില്‍ തന്നെ ഏറ്റവും അപൂര്‍വ്വമായ ഒന്നാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസ്. ഒരു മയക്കുമരുന്ന് പ്രതിയെ രക്ഷിക്കാന്‍ കോടതിയുടെ കസ്റ്റഡിയിലുള്ള തെളിവില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു നേരിട്ട് ഇടപെട്ട് മാറ്റം വരുത്തിയെന്ന ഗുരുതരമായ കണ്ടെത്തലിലാണ് കോടതി ഇപ്പോള്‍ എത്തിയിരിക്കുന്നത്. 1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടങ്ങിയ ഈ കേസിലെ നാടകീയമായ വഴിത്തിരിവുകളും നീണ്ട 35 വര്‍ഷത്തെ നിയമപോരാട്ടവും പരിശോധിക്കാം.

1. തുടക്കം: മയക്കുമരുന്ന് വേട്ട (1990)

1990 ഏപ്രില്‍ 4: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്ട്രേലിയന്‍ സ്വദേശി സാല്‍വദോര്‍ സാര്‍ലി പിടിയിലാകുന്നു.

1990 അവസാനത്തില്‍: തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രമുഖ അഭിഭാഷകന്‍ സെലിന്‍ വില്‍ഫ്രണ്ടിന്റെ ജൂനിയറായിരുന്ന ആന്റണി രാജുവാണ് അന്ന് പ്രതിക്കായി ഹാജരായത്.

2. അട്ടിമറിയും വെറുതെ വിടലും (1994)

1994: സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നു.

അപ്പീല്‍ വിധി: കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയും സാല്‍വദോര്‍ സാര്‍ലിയെ വെറുതെ വിടുകയും ചെയ്തു. ഇതിനുപിന്നാലെ അയാള്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങി.

3. കൃത്രിമം കണ്ടെത്തുന്നു

തൊണ്ടിമുതലില്‍ കൃത്രിമം നടന്നുവെന്ന സംശയത്തില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ കൃത്രിമം നടന്നതായി റിപ്പോര്‍ട്ട് നല്‍കി.

1994 ഒക്ടോബര്‍: വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. കോടതി ക്ലര്‍ക്കായിരുന്ന ജോസും ആന്റണി രാജുവും ചേര്‍ന്നാണ് കൃത്രിമം നടത്തിയതെന്ന് കണ്ടെത്തി.

അട്ടിമറി നടന്നത് എങ്ങനെ?

ജയിലിലായിരുന്ന പ്രതിയുടെ ബന്ധുവായ പോളിന്റെ പേരില്‍ കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ക്കൊപ്പം തൊണ്ടിമുതലായ അടിവസ്ത്രം കൂടി ആന്റണി രാജു ഒപ്പിട്ടു വാങ്ങി. വിചാരണയ്ക്ക് തൊട്ടുമുമ്പ് ഇത് തിരികെ നല്‍കുമ്പോള്‍ അടിവസ്ത്രം വെട്ടി മുറിച്ച് ചെറുതാക്കി വീണ്ടും തുന്നിയിരുന്നു. ഉപയോഗിച്ച നൂലിന്റെ നിറവ്യത്യാസവും ഫോറന്‍സിക് പരിശോധനയും ഈ കൃത്രിമം തെളിയിച്ചു.

4. നിയമപോരാട്ടത്തിന്റെ നാളുകള്‍ (2005 2024)

2005: അന്നത്തെ ഐ.ജി ടി.പി. സെന്‍കുമാര്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു.

2006 ഫെബ്രുവരി 13: ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2014: കേസ് ജനപ്രതിനിധികള്‍ക്കായുള്ള നെടുമങ്ങാട് പ്രത്യേക കോടതിയിലേക്ക് മാറ്റി.

ഹര്‍ജികള്‍: വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും, വിചാരണയുമായി മുന്നോട്ട് പോകാന്‍ കോടതികള്‍ നിര്‍ദ്ദേശിച്ചു.

5. അന്തിമ വിധി (2026 ജനുവരി)

നീണ്ട 35 വര്‍ഷത്തെ നിയമനടപടികള്‍ക്കും കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷത്തിനും ശേഷം, ആന്റണി രാജുവും കോടതി ക്ലര്‍ക്ക് ജോസും കുറ്റക്കാരാണെന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചു.