ആന്റണി രാജു ഔട്ട്; എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനായി; എൽ.ഡി.എഫിന് ‘തൊണ്ടിമുതൽ’ ഷോക്ക്

Jaihind News Bureau
Saturday, January 3, 2026

തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷം തടവുശിക്ഷ വിധിക്കപ്പെട്ടതോടെ ആന്റണി രാജു എം.എൽ.എ സ്ഥാനത്ത് നിന്നും അയോഗ്യനായി. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷമോ അതിലധികമോ തടവിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് സ്ഥാനം നഷ്ടമാകുമെന്ന വ്യവസ്ഥ പ്രകാരമാണിത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ പുറത്തിറക്കും. ശിക്ഷാകാലാവധിക്ക് പുറമെ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അദ്ദേഹത്തിന് വിലക്കുണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ വിധി ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനുള്ള ഒരുക്കങ്ങൾ സജീവമാക്കിയിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെങ്കിലും, തലസ്ഥാനത്തെ പാർട്ടിയുടെ കരുത്തനായ നേതാവ് അയോഗ്യനായത് ഇടത് മുന്നണിക്ക് വലിയ പ്രതിസന്ധിയാകും.

ചെറിയ ഘടകകക്ഷിയുടെ പ്രതിനിധിയാണെങ്കിലും തെക്കൻ കേരളത്തിൽ എൽ.ഡി.എഫിന്റെ മുഖ്യ സംഘാടകനും ചാനൽ ചർച്ചകളിൽ പാർട്ടിക്കായി ശക്തമായ പ്രതിരോധം തീർത്തിരുന്ന നേതാവുമാണ് ആന്റണി രാജു. സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ പല വിഷയങ്ങളിലും സംരക്ഷകനായി നിന്നിരുന്ന അദ്ദേഹത്തെ, നിലവിലെ സാഹചര്യത്തിൽ സഹായിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുന്നണി നേതൃത്വം. ഭരണവിരുദ്ധ വികാരം കത്തിനിൽക്കെ, ഒരു പ്രധാന നേതാവ് തന്നെ ശിക്ഷിക്കപ്പെട്ട് പുറത്തുപോകേണ്ടി വരുന്നത് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്ന് ഇടതുപക്ഷം ഭയക്കുന്നു.