‘എല്ലാക്കാലവും ശമ്പളം നല്‍കാനാവില്ല, പറഞ്ഞത് സർക്കാർ നിലപാട് തന്നെ’; ആവർത്തിച്ച് ഗതാഗത മന്ത്രി

Jaihind Webdesk
Tuesday, May 17, 2022

 

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ വീണ്ടും നിലപാട് ആവർത്തിച്ച് ഗതാഗതമന്ത്രി. പറഞ്ഞത് സർക്കാർ നിലപാട് ആണെന്ന് ആന്‍റണി രാജു ആവർത്തിച്ചു. എല്ലാക്കാലവും സർക്കാരിന് ശമ്പളം നൽകാനാവില്ല. ധനമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്ക് അപക്വമെന്ന നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി ആവർത്തിച്ചു. അതേസമയം ജീവനക്കാരെ കൈയൊഴിയുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സംഘടനകള്‍.

ശമ്പള പ്രതിസന്ധിയിൽ ജീവനക്കാരെ കൈയൊഴിഞ്ഞ് ധനകാര്യ വകുപ്പ് മന്ത്രിയും ഗതാഗതമന്ത്രിയും രംഗത്തെത്തിയതാണ് ജീവനക്കാർ വീണ്ടും പ്രതിഷേധിക്കാൻ കാരണം. ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. പത്താം തീയതി നൽകുമെന്നായിരുന്നു മാനേജ്മെന്‍റ് സർക്കാർ ജീവനക്കാർക്ക് നൽകിയ ഉറപ്പ്. ശമ്പളം എന്ന് കിട്ടും എന്നും ജീവനക്കാർക്ക് അറിയില്ല. അതിനിടയിലാണ് ജീവനക്കാരെ പൂർണ്ണമായും കൈയൊഴിഞ്ഞ് ഗതാഗത വകുപ്പ് മന്ത്രി രംഗത്തെത്തിയത്. അതിന് പിന്നാലെ ധന വകുപ്പും സ്ഥിരമായി കെഎസ്ആർടിസിയെ സഹായിക്കാൻ ആവില്ലെന്ന് നിലപാട് സ്വീകരിച്ചു. ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജീവനക്കാരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു സർക്കാർ നിലപാട്.

ജീവനക്കാർക്കെതിരെയുള്ള സർക്കാരിന്‍റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം. ശമ്പള പ്രതിസന്ധിയിൽ നടപടിയാവശ്യപ്പെട്ട് എഐടിയുസി ഇന്ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. സർക്കാരിന്‍റെ നിലപാട് മാറ്റിയില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്‍റെ തീരുമാനം.

അതേസമയം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ സർക്കാറും മാനേജ്മെന്‍റും തയാറാകാത്തതിൽ ഭരണാനുകൂല സംഘടനയായ സിഐടിയുവിനും ശക്തമായ എതിർപ്പുണ്ട്. മന്ത്രിയുടെ ജീവനക്കാർക്കെതിരെയുള്ള പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞദിവസം സിഐടിയു ജനറൽ കൗൺസിൽ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി എത്രയും പെട്ടെന്ന് ചർച്ചചെയ്ത് പരിഹരിക്കണമെന്നാണ് സിഐടിയുവിന്‍റെ ആവശ്യം. പരിഹാരമുണ്ടായില്ലെങ്കിൽ സമരം ഉൾപ്പെടെ നടത്തി പ്രതിഷേധിക്കാനും സിഐടിയുവിന് ജനറൽ കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.