പ്രചാരണം കൊഴുപ്പിച്ച് ആന്‍റോ ആന്‍റണി; തോമസ് ഐസക്ക് ആത്മവിശ്വാസത്തോടെ കള്ളം പറയുന്ന ആളെന്ന് പി.സി. വിഷ്ണുനാഥ്

Jaihind Webdesk
Thursday, April 18, 2024

 

പത്തനംതിട്ട: യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയുടെ ആറന്മുള ബ്ലോക്ക് പര്യടനം എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസത്തോടെയും അക്ഷരസ്ഫുടതയോടും പച്ചക്കള്ളം പറയുന്ന ആളാണ് തോമസ് ഐസക് എന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ആന്‍റോ ആന്‍റണിയുടെ ആറന്മുള ബ്ലോക്ക് പര്യടനം ആലുംതറ കോളനിയിൽ നിന്നാണ് ആരംഭിച്ചത്. ഉമ്മൻ ചാണ്ടി ഭരിക്കുന്ന കാലത്ത് പെൻഷൻ 18 മാസം കുടിശിക വന്നിട്ടില്ല എന്നും പോസ്റ്റോഫീസ് വിതരണത്തിൽ നിന്നും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ മോഡിലേക്ക് മാറിയപ്പോൾ ഉള്ള മൂന്നുമാസത്തെ കാലയളവിലയാണ് തടസപ്പെട്ടത് എന്നും പര്യടനം ചെയ്ത പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. 600 രൂപ ആയിരുന്ന പെൻഷൻ 1600 ആക്കിയത് ഐസക്കാണ് എന്നുള്ളത് പച്ചക്കള്ളമാണെന്നും പി.സി. വിഷ്ണുനാഥ് വിമർശിച്ചു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് രണ്ടും മൂന്നും പെൻഷൻ കിട്ടിക്കൊണ്ടിരുന്ന ആളുകൾക്ക് വിവിധ സ്ലാബുകളിൽ ആണ് തുക കിട്ടിക്കൊണ്ടിരുന്നത് അത് മുടക്കി ഒറ്റ പെൻഷൻ ആക്കിയ ആളാണ് തോമസ് ഐസക്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് സർക്കാരുകളുടെയും ജനദ്രോഹ നടപടികൾക്ക് തക്കതായ മറുപടി നൽകണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി പറഞ്ഞു. ബിജെപിയെ പോലെ തന്നെ കള്ള പ്രചരണങ്ങളുടെ കൂടാരമാണ് സിപിഎം അഴിച്ചുവിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല യോഗത്തിൽ സംസാരിച്ചു.