ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമായി; അടിസ്ഥാന വോട്ടുകളില്‍ ചോർച്ചയുണ്ടായെന്ന് സിപിഐ

Jaihind Webdesk
Tuesday, July 9, 2024

 

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിലയിരുത്തല്‍. സിപിഎമ്മിന്‍റെ ശൈലികൾക്ക് എതിരെയും തിരഞ്ഞെടുപ്പ് അവലോകനത്തിൽ ശക്തമായ വിമർശനമുണ്ടായി. എക്സിക്യൂട്ടിവിന് പിന്നാലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്തുന്നതിനുള്ള സിപിഐയുടെ രണ്ടു ദിവസത്തെ സംസ്ഥാന കൗൺസിൽ ഇന്ന് ആരംഭിക്കും.

സാമുദായിക ധ്രുവീകരണം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ടായി. അടിസ്ഥാന വോട്ടുകളിൽ വൻ ചോർച്ചയുണ്ടായതായും യോഗം വിലയിരുത്തി. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഭരണവിരുദ്ധ വികാരം തോൽവിക്ക് കാരണമാണെന്ന് സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.

മുഖ്യമന്ത്രിയുടെ ശൈലി അടക്കം യോഗത്തിൽ വിമർശന വിധേയമായെങ്കിലും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ അക്കാര്യം പരാമർശിക്കേണ്ടെന്ന ധാരണയാണ് എക്സിക്യൂട്ടീവിൽ ഉണ്ടായത്. റിപ്പോർട്ടിൽ പരാമർശിച്ചില്ലെങ്കിലും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ ശക്തമായ വിമർശനങ്ങൾ സംസ്ഥാന കൗൺസിലിൽ ഉയരുമെന്ന് ഉറപ്പാണ്.