‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടയ്ക്കൂ’: കെ. സുരേന്ദ്രന്‍റെ പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ കേന്ദ്രത്തിനെതിരെ വരികള്‍; വെട്ടിലായി ബിജെപി, സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍

Jaihind Webdesk
Wednesday, February 21, 2024

 

“അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടയ്ക്കൂ കൂട്ടരേ…” ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ കേരള പദയാത്രയുടെ ഗാനത്തിന്‍റെ വരിയില്‍ വെട്ടിലായി ബിജെപി. കേന്ദ്രത്തെ അഴിമതിക്കാരാണെന്ന് ബിജെപി തന്നെ പറയുന്ന ഗാനം സാമൂഹ്യമാധ്യങ്ങളില്‍ വൈറലായി. ആദ്യമായാണ് സുരേന്ദ്രൻ ഒരു സത്യം പറയുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസവും ഉയർന്നു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ അമളിയെച്ചൊല്ലി പൊല്ലാപ്പിലായി ബി ജെ പി. “അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കൂ കൂട്ടരേ,” എന്ന വരിയാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്.  ഇടതു സർക്കാരിന്‍റെ ജന വഞ്ചനയെ കുറ്റപ്പെടുത്തിയ വരികൾക്കുശേഷമാണ് കേന്ദ്രസർക്കാരിനെതിരായ വിമർശം.

പദയാത്രയുടെ തുടക്കത്തില്‍ ഇത്തരം അഴിമതിക്കാരെ തുടച്ചുനീക്കാൻ താമരയ്ക്ക് കൊടി പിടിക്കാനും ആഹ്വാനം ചെയ്യുന്ന ഗാനം, പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്. പാട്ടിൽ ബിജെപിക്കു പിണഞ്ഞ അമളി സാമൂഹ്യമാധ്യമങ്ങളിൽ വൻ ട്രോളിനാണ് വഴിയൊരുക്കിയിരിക്കുന്നത്.