Anti-immigration Protest London| ബ്രിട്ടനെ തിരികെ വേണം; ലണ്ടനില്‍ വന്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം: ലക്ഷങ്ങള്‍ അണിനിരന്നു

Jaihind News Bureau
Sunday, September 14, 2025

ലണ്ടന്‍: ബ്രിട്ടനെ ‘തിരിച്ചെടുക്കണം’ എന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ലണ്ടന്‍ നഗരത്തില്‍ വന്‍ റാലി നടത്തി. ‘യുണൈറ്റ് ദി കിംഗ്ഡം’ എന്ന പേരില്‍ നടന്ന മാര്‍ച്ചില്‍ ഒന്നരക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ വികാരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ റാലി നടന്നത്. ഇംഗ്ലണ്ടിന്റെ സെന്റ് ജോര്‍ജ്ജ് പതാകയും ബ്രിട്ടന്റെ ദേശീയ പതാകയായ യൂണിയന്‍ ജാക്കും വഹിച്ചുകൊണ്ട് പ്രക്ഷോഭകര്‍ ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം തിരികെ വേണം’ എന്ന് മുദ്രാവാക്യമാണ് ഉയര്‍ത്തിയത്.

ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട് യുകെയില്‍ നടന്നുവരുന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ റാലി സംഘടിപ്പിച്ചത്. ‘ബോട്ടുകള്‍ കടന്നെത്തുന്നത് നിര്‍ത്തുക,’ ‘അനധികൃത കുടിയേറ്റക്കാരെ തിരികെ അയക്കുക,’ ‘മതിയായി, നമ്മുടെ കുട്ടികളെ രക്ഷിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ‘ഇനി ഇംഗ്ലീഷ് സംസാരിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ശ്രദ്ധേയമായി. സാമ്പത്തികമായും സാംസ്‌കാരികമായും സാമൂഹികമായും ബ്രിട്ടനെ വീണ്ടെടുക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന വികാരം.പ്രധാനമായും വെള്ളക്കാരായ ജനങ്ങളാണ് ഈ റാലിയില്‍ പങ്കെടുത്തത്. റാലിയിലെ ഒരു സംഗീത പരിപാടിയില്‍ ‘യൂറോപ്പിനെ മിഡില്‍ ഈസ്റ്റിനെപ്പോലെയാക്കുന്നു’ എന്ന വരികളും ഉള്‍പ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ മുസ്ലീം ബ്രദര്‍ഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ്, പലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിശേഷം അവ നശിപ്പിച്ചു.

അമേരിക്കന്‍ കോടീശ്വരനായ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് വീഡിയോ ലിങ്ക് വഴി റാലിയെ അഭിസംബോധന ചെയ്തു. ‘നിയന്ത്രിക്കാനാവാത്ത കുടിയേറ്റം’ കാരണം ബ്രിട്ടന്‍ തകരുകയാണെന്ന് അദ്ദേഹം ആരോപിച്ചു .’നിങ്ങള്‍ അക്രമം തിരഞ്ഞെടുക്കുന്നുണ്ടോ എന്നതല്ല ഇവിടെ പ്രശ്‌നം, അക്രമം നിങ്ങളെ തേടിയെത്തുകയാണ്. നിങ്ങള്‍ തിരിച്ചടിക്കുന്നില്ലെങ്കില്‍ മരിക്കുമെന്ന നിലയിലാണ്. അതാണ് സത്യം,’ അദ്ദേഹം പറഞ്ഞു. കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെ പിരിച്ചുവിടാനും അദ്ദേഹം ആഹ്വാനം ചെയ്തു. ‘ബ്രിട്ടീഷുകാരനായിരിക്കുന്നതില്‍ മനോഹരമായ എന്തോ ഒന്നുണ്ട്, ഇവിടെ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്, നിയന്ത്രിക്കാനാവാത്ത കുടിയേറ്റത്തോടെയുള്ള അതിവേഗ നാശമാണ് കാത്തിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇതുവരെ പ്രതിഷേധ പ്രകടനത്തോട് പ്രതികരിച്ചില്ല. അക്രമത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതിനെ അവര്‍ അപലപിച്ചു. ഫാസിസ്റ്റുകളോടൊപ്പം ചേര്‍ന്ന മസ്‌കിന്റെ നടപടികളേയും ഡെമോക്രാറ്റുകള്‍ വിമര്‍ശിച്ചു. മസ്‌കിന്റെ പ്രസ്താവനകള്‍ ‘അറപ്പുളവാക്കുന്നവ’ എന്ന് പാര്‍ട്ടി വിശേഷിപ്പിച്ചു.

മെട്രോപൊളിറ്റന്‍ പോലീസിന്റെ കണക്കനുസരിച്ച്, 150,000 ലേറെ ആളുകള്‍ പങ്കെടുത്ത ഈ റാലി സമീപ ദശകങ്ങളിലെ യുകെയിലെ ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നായിരുന്നു.