വിശ്വാസികൾ അകന്നു; ഭരണവിരുദ്ധ വികാരം വിനയായി; സിപിഎമ്മിൽ ആത്മപരിശോധന

Jaihind News Bureau
Monday, December 29, 2025

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ അടക്കമുള്ളവർക്കെതിരെ കൃത്യമായ നടപടിയെടുക്കാതിരുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു. വിശ്വാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലും അവരെ വിശ്വാസത്തിലെടുക്കുന്നതിലും പാർട്ടി പരാജയപ്പെട്ടതായി ഭൂരിഭാഗം അംഗങ്ങളും ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തിന് പുറമെ, കേന്ദ്ര സർക്കാരിന്റെ ‘പി.എം. ശ്രീ’  പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും തിരിച്ചടിക്ക് കാരണമായ പ്രധാന ഘടകങ്ങളിലൊന്നായി പാർട്ടി കാണുന്നു. സ്വർണ്ണക്കൊള്ള ആരോപണവും ഈ പദ്ധതിയിലെ നിലപാടും ചേർന്നപ്പോൾ അത് സർക്കാരിനെതിരെയുള്ള വലിയൊരു ആയുധമായി പ്രതിപക്ഷം ഉപയോഗിച്ചുവെന്നും, ഇത് വോട്ടർമാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കിയെന്നുമാണ് പൊതുവിലയിരുത്തൽ.

ഭരണവിരുദ്ധ വികാരത്തിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വവും സംസ്ഥാന സെക്രട്ടറിയേറ്റും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെക്കുന്നത്. സംസ്ഥാനതലത്തിൽ മൊത്തത്തിൽ ഒരു ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് നേതൃത്വമെങ്കിലും, പ്രാദേശിക തലങ്ങളിൽ ഇത് പ്രകടമായിരുന്നെന്നും അത് തിരിച്ചടിക്ക് കാരണമായെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് സമ്മതിക്കുന്നു. ഭരണപരമായ പോരായ്മകൾ പ്രാദേശിക വോട്ടുകളെ സ്വാധീനിച്ചു എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.

സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ഈ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ സി.പി.ഐയും ഇന്ന് പരാജയകാരണങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരുകയാണ്. സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രവർത്തന ശൈലിക്കെതിരെ കടുത്ത വിമർശനങ്ങൾ സി.പി.ഐ യോഗത്തിലും ഉയരാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഇടത് മുന്നണിക്കുള്ളിൽ വലിയ രീതിയിലുള്ള തിരുത്തൽ നടപടികൾക്കും ആത്മപരിശോധനയ്ക്കും ഈ ചർച്ചകൾ വഴിവെച്ചേക്കും.