തിരുവനന്തപുരം :കേരളത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയകള്‍ക്കെതിരെ ജനമനസ്സുകളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ‘ലഹരി മാഫിയക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ ‘ ക്യാമ്പസ് ജാഗരന്‍ യാത്രയ്ക്ക് ‘ മാര്‍ച്ച് 11 ചൊവ്വാഴ്ച്ച കാസര്‍ഗോഡ് നിന്ന് തുടക്കമാകും. ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും.മാര്‍ച്ച് 19ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
എല്ലാ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഒരു ക്യാമ്പസിലാകും യാത്ര എത്തിച്ചേരുക.ഇതിനോടനുബന്ധിച്ച് യൂണിറ്റ് – നിയോജക മണ്ഡലം തലങ്ങളില്‍ ലഹരിക്കെതിരെ ജാഗ്രതാ സദസ്സുകളും, വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.സംസ്ഥാന തലത്തില്‍ കെ.എസ്.യു ലഹരി വിരുദ്ധ സേനയ്ക്കും രൂപം നല്‍കും. ഒരു ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം പ്രതിനിധികളാകും ഈ സേനയില്‍ പങ്കാളികളാകുക.
ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിതെന്നും, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ കാര്‍ന്ന് തിന്നുന്ന രാസ ലഹരി ഉള്‍പ്പടെയുള്ളവയുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, ആന്‍ സെബാസ്റ്റ്യന്‍, മുഹമ്മദ് ഷമ്മാസ്, അരുണ്‍ രാജേന്ദ്രന്‍ എന്നിവര്‍ ജാഥാ വൈസ് ക്യാപ്റ്റന്മാര്‍ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന – ജില്ലാ ഭാരവാഹികള്‍ സ്ഥിരാംഗങ്ങളാകും. കേരളത്തിന്റെ ചുമതലയുള്ള എന്‍.എസ്.യു.ഐ ദേശീയ ജന.സെക്രട്ടറി അനുലേഖ ബൂസയും ജാഥയില്‍ പങ്കെടുക്കും.