പൗരത്വ പ്രതിഷേധം ഭയന്ന് പ്രധാനമന്ത്രി ; അസം സന്ദർശനം റദ്ദാക്കി

ഗുവാഹത്തി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരിക്കെ അസം സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഗുവാഹത്തിയില്‍ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2020 ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. പ്രതിഷേധത്തെ തുടർന്ന് ഇത് രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി അസം സന്ദർശനം റദ്ദാക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യം ശക്തമായ പ്രതിഷേധം ഉയര്‍ന്നത് അസമിലായിരുന്നു. പ്രധാനമന്ത്രി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദഘാടനത്തിന് എത്തുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ആള്‍ അസം സ്റ്റുഡന്‍റ്‌സ് യൂണിയന്‍ വ്യക്തമാക്കിയിരുന്നു. അസമിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് മുമ്പും പ്രധാനമന്ത്രി അസം സന്ദർശനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. പൗരത്വ പ്രതിഷേധത്തെ തുടർന്ന് ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി റദ്ദാക്കിയിരുന്നു.

നേരത്തെ ഇന്ത്യ – ശ്രീലങ്ക ട്വന്‍റി – 20 മത്സരത്തിനിടെ അസം മുഖ്യമന്ത്രി സർബാനന്ദ സൊനൊബാളിനെതിരെയും ധനമന്ത്രി ഹിമാന്ത ബിശ്വ ശർമക്കെതിരെയും കാണികള്‍ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കിയിരുന്നു. ഗായകനായ സുബീന്‍ ഗാര്‍ഗ് പ്രധാനമന്ത്രി അസമിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നതും ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി വന്നാലേ തങ്ങള്‍ക്ക് വിമാനത്താവളം മുതല്‍ പ്രതിഷേധിക്കാനാകൂ എന്നും സുബീന്‍ ഗാർഗ് വ്യക്തമാക്കി.

പ്രധാനമന്ത്രി എത്തിയാല്‍ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിദ്യാർത്ഥി സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തെ അടിച്ചമർത്താന്‍ ഇന്‍റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിഛേദിക്കുന്ന നടപടികള്‍ ചെയ്തെങ്കിലും നാള്‍ക്കുനാള്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

PM Narendra ModiAssamAnti CAA Protests
Comments (0)
Add Comment