പ്രവാസിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥരെ ബലിയാടാക്കി സി.പി.എം തലയൂരുന്നു; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: അന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി പാര്‍ട്ടി തലയൂരുന്നു. നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്റ് ചെയ്തു. സര്‍ക്കാര്‍ ഇവരെ സസ്‌പെന്റ് ചെയ്തുവെന്ന കാര്യം പി. ജയരാജനാണ് അറിയിച്ചത്. ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സി.പി.എം നേതാക്കളാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത കാര്യം അറിയിച്ചത്. ആന്തൂര്‍ നഗരസഭ  സെക്രട്ടറി, അസി.  എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞത്. 15 മിനിട്ടോളം നേരം സാജന്‍റെ കുടുംബാംഗങ്ങളുമായി സി.പി.എം നേതാക്കാള്‍ ചര്‍ച്ച നടത്തി. കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് സി.പി.എം നേതാക്കള്‍ ഉറപ്പ് നല്‍കിയപ്പോഴും. നഗരസഭ  ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളക്കെതിരെ ഒരു പരാമര്‍ശവും സി.പി.എം നേതാക്കള്‍ നടത്തിയിട്ടില്ല. ഭരണ സമിതിക്ക് വീഴ്ച്ചയുണ്ടായിട്ടില്ല എന്നാണ് സി.പി.എമ്മിന്‍റെ വാദം. ഇതോടെ ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തി സി.പി.എം പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയും പാര്‍ട്ടിയുടെ വ്യവസായ വിരുദ്ധ നയത്തെയും മറച്ചുവെയ്ക്കാനാണ് നീക്കം. വീഴ്ച്ച വരുത്തിയത് ഉദ്യോഗസ്ഥരാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ് വീഴ്ച്ച വന്നിട്ടില്ലെന്നുമാണ് സി.പി.എമ്മിന്റെ വിശദീകരണം.

പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവനൊടുക്കാന്‍ കാരണം നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള തന്നെയെന്ന് ആരോപിച്ച് കുടുംബം രംഗത്തു വന്നിരുന്നു. സാജന്റെ കുടുംബത്തോട് വെല്ലുവിളിയും ഭീഷണിപ്പെടുത്തലും ഉണ്ടായെന്നാണ് സാജന്റെ കുടുംബം പറയുന്നത്. പി. ജയരാജന്റെ സഹായം തേടിയതാണ് വ്യവസായിക്ക് വിനയായതെന്ന് ശ്യാമളയുടെ വാക്കുകള്‍ തന്നെ വ്യക്തമായ സൂചന നല്‍കുന്നുണ്ട്. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ’ എന്നു വെല്ലുവിളിച്ചു. ‘ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല’ എന്നും അവര്‍ ഭീഷണി മുഴക്കിയിരുന്നു.

Comments (0)
Add Comment