‘ഒരു അഭിഭാഷകനും ചെയ്യുന്നതല്ല ആന്‍റണി രാജു ചെയ്തത്’; ഹൈക്കോടതിയില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 19, 2022

തിരുവനന്തപുരം: മന്ത്രി ആന്‍റണി രാജുവിന് എതിരെയുള്ള കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് എതിരെ ഹൈക്കോടതിയിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആന്‍റണി രാജുവിന്‍റെ കേസ് അതീവ ഗൗരവമുള്ളതാണ്. ഇത് നിയമസഭയിൽ ഉന്നയിക്കും.

ഇത്രയും ഗുരുതരമായി തെറ്റ് ചെയ്ത ആൾ എങ്ങനെ മന്ത്രിസഭയിൽ ഇരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ആന്‍റണി രാജുവിന്‍റെ പ്രവ്യത്തി അഭിഭാഷകരെ അപമാനിക്കുന്നതാണ്. ലഹരി മരുന്ന് കടത്ത് കേസിൽ തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയ വ്യക്തിയാണ് മന്ത്രിസഭയിൽ തുടരുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

ഒരു അഭിഭാഷകനും ചെയ്യുന്ന കാര്യമല്ല ആന്‍റണി രാജു ചെയ്തത്. ക്രിമിനൽ കേസിലെ പ്രതി നിരന്തരമായി ഹാജരാകാത്തതും കുറ്റപത്രം വായിച്ചു കേൾപ്പിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് അറിയേണ്ടതുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.